ധോണിയുടെ വിശ്വസ്‌തനെ ‘ആ’ പന്ത് ചതിച്ചു; വാര്‍ണര്‍ക്ക് ആശ്വാസം
ബുധന്‍, 29 ഏപ്രില്‍ 2015 (13:54 IST)
മഹേന്ദ്ര സിംഗ് ധോണിയുടെ വിശ്വസ്തനും ചെന്നൈ സൂപ്പര്‍ കിംഗ്‌സിറ്റെ താരവുമായ ആര്‍ അശ്വിന് പരുക്ക്. കൈവിരലിന് പരുക്കേറ്റ അദ്ദേഹത്തിന് തുടര്‍ന്നുള്ള രണ്ട് മത്സരങ്ങള്‍ നഷ്‌ടമാകും. ചെവ്വാഴ്‌ച നടന്ന ചെന്നൈ - കൊല്‍ക്കത്ത മത്സരത്തില്‍ സൂര്യകുമാര്‍ യാദവിന്റെ ക്യാച്ചിന് ശ്രമിച്ചപ്പോഴാണ് ചെന്നൈ സ്‌പിന്നര്‍ക്ക് പരുക്കേറ്റത്. കൊല്‍ക്കത്തയ്ക്കും ഹൈദരാബാദിനും എതിരായ മത്സരങ്ങളാകും അശ്വിന് നഷ്ടമാകുക.
ഇന്നലെ പരിക്കേല്‍ക്കുന്നതിന് മുന്‍പ് രണ്ട് ഓവര്‍ എറിഞ്ഞ അശ്വിന്‍ അഞ്ചു റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. പിന്നെ മുറിവിനെ തുടര്‍ന്ന് അദ്ദേഹം പന്ത് എറിയാതിരിക്കുകയായിരുന്നു. ഹൈദരാബാദിനെതിരെയുള്ള മത്സരത്തില്‍ വെടിക്കെട്ട് ബാറ്റ്‌സ്‌മാന്‍ ഡേവിഡ് വാര്‍ണറെ കറക്കി വീഴ്‌ത്താന്‍ ധോണി നിയോഗിക്കേണ്ടിയിരുന്ന താരമായിരുന്നു അശ്വിന്‍. വാര്‍ണറുടെ മികവിലാണ് ഹൈദരാബാദ് ജയങ്ങള്‍ സ്വന്തമാക്കിയിരുന്നത്.
ഇന്നലെ നടന്ന മത്സരത്തില്‍ കൊല്‍ക്കത്തയ്ക്ക് എതിരെ ചെന്നൈ രണ്ട് റണ്‍സിന് ജയിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ135 റണ്‍സ് ലക്ഷ്യം മുന്നോട്ടുവെച്ചിട്ടും കൊല്‍ക്കത്തയ്ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന ഓവറില്‍ ജയിക്കാന്‍ 17 റണ്‍സ് ആവശ്യമായിരിക്കെ രണ്ടു ഫോറും ഒരു സിക്സും പറത്തി തന്നാല്‍ കഴിയുന്നതുപോലെയെല്ലാം ശ്രമിച്ച കൊല്‍ക്കത്തയുടെ റയാന്‍ ടെന്‍ ടോസ്ചെറ്റിന് (38*) ചെന്നൈയുടെ പോരാട്ടവീര്യത്തിന് മുന്നില്‍ തലകുനിക്കാനായിരുന്നു വിധി.