തെവാട്ടിയക്കും ഷാരൂഖ് ഖാനും 9 കോടി,ആവേശ് ഖാന് 10 കോടി: ഐപിഎല്ലിൽ വമ്പൻ നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ താരങ്ങൾ ഇവർ

ഞായര്‍, 13 ഫെബ്രുവരി 2022 (09:30 IST)
ഐപിഎൽ താരലേലത്തിന്റെ ആദ്യ ദിനം അവസാനിക്കു‌മ്പോൾ വമ്പൻ നേട്ടം സ്വന്തമാക്കി താരങ്ങൾ. ഐപിഎല്ലിൽ സ്റ്റീവ് സ്മിത്ത്, സുരേഷ് റെയ്‌ന,ഡേവിഡ് മി‌ല്ലർ അടക്കമുള്ള താരങ്ങൾ വിറ്റുപോകാതിരുന്നപ്പോൾ ഐപിഎല്ലിൽ വമ്പൻ നേട്ടമാണ് ചില താരങ്ങൾക്കുണ്ടായത്. ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നീ താരങ്ങൾക്ക് വമ്പൻ വില ലഭിക്കുമെന്ന പ്രവചനം ശരിയായപ്പോൾ താരലേലത്തിൽ വമ്പൻ നേട്ടം കൊയ്‌ത ഇന്ത്യൻ താരങ്ങൾ ആരെല്ലാമെന്ന് നോ‌ക്കാം.
 
പല താരങ്ങളുടെയും വില 10 ഇരട്ടിയിലധികമാണ് ഉയർന്നത്. അൺക്യാപ്‌ഡ് താരങ്ങളിൽ ആവേശ് ഖാനാണ് താരലേലത്തിൽ വലിയ നേട്ടം സ്വന്തമാക്കിയത്. 20 ലക്ഷം അടിസ്ഥാനവിലയുണ്ടായിരുന്ന താരത്തെ 10 കോടി രൂപയ്ക്കാണ് ലക്ഷ്‌നൗ സൂപ്പർ ജയന്റ്‌സ് ഇത്തവണ വാങ്ങിയത്.
 
40 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന രാഹുൽ തെവാട്ടിയയെ 9 കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി. തമിഴ്‌നാട്ടിന്റെ വെടിക്കെട്ട് വീരനായ ഷാരൂഖ് ഖാനും 9 കോടി രൂപ ലഭിച്ചു. പഞ്ചാബാണ് താരത്തെ സ്വന്തമാക്കിയത്.
 
ഇന്ത്യന്‍ പേസര്‍ ശിവം മാവിയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തിരിച്ചെത്തിച്ചു. 7.25 കോടിക്കാണ് താരത്തെ കൊല്‍ക്കത്ത തിരിച്ചെത്തിച്ചത്. യുവതാരം റിയാന്‍ പരാഗിനെ രാജസ്ഥാന്‍ റോയല്‍സ് തിരിച്ചെത്തിച്ചു. മൂന്ന് കോടിയാണ് രാജസ്ഥാന്‍ മുടക്കിയത്. 6.50 കോടിക്കാണ് അഭിഷേകിനെ ഹൈദരാബാദ് തിരിച്ചെത്തിച്ചത്. 
 
ഹര്‍പ്രീത് ബ്രാര്‍ പഞ്ചാബ് കിംഗ്‌സില്‍ തുടരും. 3.80 കോടിയാണ് പഞ്ചാബ് ക്രിക്കറ്റര്‍ക്ക് ലഭിച്ചത്. കമലേഷ് നാഗർകോട്ടിയെ 1.1 കോടി രൂപയ്‌ക്കാണ് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. അതേസമയം 10.75 കോടി രൂപയ്ക്കാണ് ഹർഷൽ പട്ടേലിനെ ബാംഗ്ലൂർ സ്വന്തമാക്കിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍