പരാജയത്തിന്റെ കുഴിയില്‍ നിന്ന് ഫിനിക്സ് പക്ഷിയെപ്പോലെ പറന്നുയര്‍ന്ന് മുംബൈ ഐപിഎല്‍ സീസണില്‍ പുതിയ അത്ഭുത ഗാഥ രചിച്ചു. ഇന്നലെ തോറ്റെന്നുറപ്പിച്ചിരുനിടത്തുനിന്ന് സിക്സറിലൂടെ വിജയം കണ്ട് പ്ളേഓഫിലേയ്ക്ക് എത്തുകയായിരുന്നു മുംബൈ ഇന്ത്യന്‍സ്.
ഈ സീസണിലെ ആദ്യ അഞ്ച് മത്സരങ്ങള്‍ തുടര്‍ച്ചയായി തോറ്റിടത്തു നിന്നാണ് പോയിന്റ് നിലയില്‍ നാലാമതായി ഉയര്‍ന്ന് നിലവിലെ ചാമ്പ്യന്മാരായ മുംബയ് പ്ളേ ഓഫിലേക്കെത്തിയത് എന്നതാണ് വിജയത്തിന്രെ മാറ്റു കൂട്ടുന്നത്.
ഇന്നലെ ടോസ് നേടി ചേസിംഗ് തിരഞ്ഞെടുത്ത മുബയ്ക്ക് രാജസ്ഥാന്‍ 130നും 200 നും ഇടയ്ക്ക് സ്കോര്‍ ചെയ്താല്‍ 14.3 ഓവറില്‍ വിജയം നേടണമായിരുന്നു. മലയാളി താരങ്ങളായ സഞ്ജുവിന്റെയും (47 പന്തില്‍ 74) കരുണ്‍ നായരുടെയും (27 പന്തില്‍ 50) മികവില്‍ നേടിയത് 189/4 എന്ന സ്കോര്‍.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ കണ്ണുംപൂട്ടി അടിതുടങ്ങി. 44 പന്തില്‍ 9 ഫോറും ആറ് സിക്സുമടക്കം 95 റണ്ണടിച്ച് പുറത്താകാതെ നിന്ന കൊറേയ് ആന്‍ഡേഴ്സണും 10 പന്തില്‍ 30 റണ്‍ നേടിയ അമ്പാട്ടി റായ്ഡുവും ചേര്‍ന്ന് മുംബയ്‌യെ 14,3 ഓവറില്‍ 189/5 എന്ന സ്കോറിലെത്തിച്ചു.
പക്ഷെ 14.3 ഓവറില്‍ ടീമിന് വിജയത്തിലെത്താത്തതിനാല്‍ റണ്‍ മികവില്‍ തങ്ങള്‍ പ്ളേഓഫിലെത്തി എന്നു കരുതിയിരുന്ന രാജസ്ഥാനെ ഞെട്ടിച്ചുകൊണ്ട് തൊട്ടടുത്ത പന്തില്‍ ബൗണ്ടറിയടിച്ചാല്‍ മുംബയ്ക്ക് രാജസ്ഥാനെക്കാള്‍ മികച്ച റണ്‍റേറ്റില്‍ ജയിക്കാമെന്ന് കണക്കുകള്‍ കമന്റേറ്റര്‍ മാരില്‍ നിന്ന് പുറത്തു വന്നതൊടെ കളിക്കളം ചൂടുപിടിച്ചു തുടങ്ങി.