മാക്‌സ്‌വെല്‍ കത്തിക്കയറി; ചെന്നൈ ഉരുകി ഒലിച്ചു

Webdunia
വ്യാഴം, 8 മെയ് 2014 (10:18 IST)
കളിക്കളത്തിലെങ്ങും ഗ്ളെന്‍ മാക്‌സ്‌വെല്ലിന്റെ വെടിക്കെട്ടുമാത്രം. പഞ്ചാബ് പഞ്ചാബ് കിംഗ്സ് ഇലവന് കഴിഞ്ഞ ദിവസം ആഘോഷത്തിന്റെ ദിനമായി.  ഇലവന് 44 റണ്‍ വിജയമാണ് ലഭിച്ചത്. മാക്‌സ്‌വെല്ലിനു മുന്നില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നനഞ്ഞ പടമായി മറുന്ന കാഴ്ചയാണ് ഇന്നലെ കാണാന്‍ കഴിഞ്ഞത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറില്‍ 231/4 എന്ന സ്കോര്‍ ഉയര്‍ത്തിയപ്പോള്‍ ചെന്നൈയെ 187/7 എന്ന സ്കോറില്‍ എറിഞ്ഞൊതുക്കാനും ഇലവന്‍ സാധിച്ചു.  മാക്‌സ്‌വെല്ലാണ്  മാന്‍ ഒഫ് ദ മാച്ച്.  സീസണിലെ നാലാമത്തെ അര്‍ധ സഞ്ചുറി മാക്‌സ്‌വെല്‍ തികച്ചപ്പോള്‍ ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ആറാമത്തെ സ്കോറാണ് പഞ്ചാബ് നേടിയത്.

വെറും 38 പന്തില്‍ രണ്ട് ബൗണ്ടറികളും എട്ട് സിക്‌സുമടക്കം 90 റണ്ണടിച്ചുകൂട്ടിയ ഗ്ളെന്‍ മാക്‌സ്‌വെല്ലിന്റെയും 32 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സറുമടക്കം 47 റണ്ണടിച്ച ഡേവിഡ് മില്ലറുടെയും 13 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 40 റണ്‍ നേടിയ നായകന്‍ ജോര്‍ജ് ബെയ്‌ലിയുടെയും അക്രമണാത്മക ബാറ്റിംഗാണ് പഞ്ചാബിനെ ഇൗ സീസണിലെ ഏറ്റവും ഉയര്‍ന്ന സ്കോറിലെത്തിച്ച്.

95, 89, 95, 15, 6, 45, 90 എന്നിങ്ങനെയാണ് മാക്‌സ്‌വെല്ലിന്റെ ഇതുവരെയുള്ള ബാറ്റിംഗ് പ്രകടനം. രണ്ടാം വിക്കറ്റില്‍ മാക്‌സ്‌വെല്ലും മില്ലറും ചേര്‍ന്ന് വെറും 64 പന്തില്‍ അടിച്ചുകൂട്ടിയത് 135-റണ്ണാണ്. ടീം സ്കോര്‍ 173-ല്‍വച്ച് മില്ലറും 182-ല്‍ മാക്‌‌സ്‌വെല്ലും പുറത്തായി.

തുടര്‍ന്ന് അവസാന ഓവറുകളില്‍ ബെയ്‌ലി വെയിലുപോലെ കത്തിയപ്പൊള്‍ ചെന്നൈ ഉരുകി ഒലിച്ചു. 16 പന്തുകളില്‍ നിന്ന് ബെയ്‌ലിയും മിച്ചല്‍ ജോണ്‍സണും (11 നോട്ടൗട്ട്) ചേര്‍ന്ന് 49 റണ്ണാണ് അടിച്ചുകൂട്ടിയത്. മറുപടിക്കിറങ്ങിയ ചെന്നൈയ്‌ക്ക് തുടക്കത്തിലെ അടിപതറാന്‍ തുടങ്ങി.

ഇന്‍ഫോം ബാറ്റ്‌സ്‌മാന്‍ ഡ്വെയ്‌ന്‍ സ്മിത്തിനെ (4) ആദ്യ ഒാവറില്‍ത്തന്നെ ചെന്നൈയ്‌ക്ക് നഷ്ടമായി. തുടര്‍ന്ന് റെയ്‌ന (35), ജഡേജ (17), മക്കുല്ലം (33), ഡുപ്ളെസിഡ് (52), ധോണി (16) എന്നിവര്‍കൂടി പുറത്തായതോടെ പഞ്ചാബിന്റെ വിജയകാഹളമുയര്‍ന്നു.