Mohammad Rizwan: റിസ്വാന്റെ പ്രാര്‍ത്ഥനയായിരുന്നെങ്കില്‍ ഇന്ത്യക്കാരുടെ 'ജയ് ശ്രീറാം' വിളി ആക്രോശമായിരുന്നു !

Webdunia
ചൊവ്വ, 17 ഒക്‌ടോബര്‍ 2023 (09:36 IST)
Mohammad Rizwan: പാക്കിസ്ഥാന്‍-നെതര്‍ലന്‍ഡ്സ് മത്സരത്തിനിടെ മുഹമ്മദ് റിസ്വാന്‍ ഗ്രൗണ്ടില്‍ നമാസ് (ഇസ്ലാം മതവിശ്വാസ പ്രകാരമുള്ള പ്രാര്‍ത്ഥന) അര്‍പ്പിച്ചതും ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിനിടെ റിസ്വാന്‍ പുറത്തായപ്പോള്‍ ഇന്ത്യന്‍ കാണികള്‍ 'ജയ് ശ്രീറാം' വിളിച്ചു പരിഹസിച്ചതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഒന്ന് പ്രാര്‍ത്ഥനയായിരുന്നെങ്കില്‍ മറ്റേത് ആക്രോശവും തെറി വിളിയുമാണ്. സംഘപരിവാര്‍ അനുകൂലികള്‍ക്ക് മാത്രമാണ് ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം ഇപ്പോഴും മനസിലാകാത്തത്. 
 
ഇന്ത്യയിലെന്നല്ല പാക്കിസ്ഥാന് വേണ്ടി എവിടെ കളിക്കുമ്പോഴും ഇടവേളയ്ക്കിടെ റിസ്വാന്‍ നമാസ് അര്‍പ്പിക്കാറുണ്ട്. ക്രിക്കറ്റ് ഗ്രൗണ്ടില്‍ കളിക്കിടെ പ്രാര്‍ത്ഥന അര്‍പ്പിക്കുന്നതും ഏതെങ്കിലും തരത്തിലുള്ള മതപരമായ അനുഷ്ഠാനങ്ങള്‍ സഹതാരങ്ങള്‍ക്കോ കാണികള്‍ക്കോ ബുദ്ധിമുട്ട് ഉണ്ടാക്കാത്ത തരത്തില്‍ കാണിക്കുന്നതും അത്ര വലിയ തെറ്റായി തോന്നിയിട്ടില്ല. അങ്ങനെ ഉണ്ടെങ്കില്‍ ഐസിസി തന്നെ ഇതേ കുറിച്ച് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കണം. അങ്ങനെ വന്നാല്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ പന്തും കൈയില്‍ പിടിച്ച് ഇന്ത്യയുടെ ഹാര്‍ദിക് പാണ്ഡ്യ മന്ത്രം ചൊല്ലിയത് അടക്കം ചോദ്യം ചെയ്യപ്പെടണം. 
 
ഇനി 'ജയ് ശ്രീറാം' വിളിയിലേക്ക് വന്നാല്‍ ഈ ലോകകപ്പിലെ ഏറ്റവും അശ്ലീലമായ കാഴ്ചയായിരുന്നു അതെന്ന് പറയേണ്ടി വരും. ഇന്ത്യന്‍ താരങ്ങളുമായി വളരെ അടുത്ത ബന്ധമുള്ള പാക്കിസ്ഥാന്‍ ക്രിക്കറ്ററാണ് മുഹമ്മദ് റിസ്വാന്‍. അങ്ങനെയുള്ള റിസ്വാന്‍ തരക്കേടില്ലാത്ത ഒരു ഇന്നിങ്സ് കളിച്ചു പുറത്താകുമ്പോള്‍ ആണ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ കാണികള്‍ അയാള്‍ക്ക് നേരെ 'ജയ് ശ്രീറാം' വിളികള്‍ മുഴക്കുന്നത്. ഓസ്ട്രേലിയയോ ഇംഗ്ലണ്ടോ ആയിട്ടുള്ള കളിയില്‍ അവരുടെ പ്രധാന താരം ഇങ്ങനെ പുറത്താകുകയാണെങ്കില്‍ ഇവരൊന്നും 'ജയ് ശ്രീറാം' വിളിച്ച് ആ താരത്തെ യാത്രയാക്കില്ല. അപ്പുറത്തുള്ളത് ഒരു പാക്കിസ്ഥാന്‍ ക്രിക്കറ്ററായി എന്നതു മാത്രമാണ് എന്തോ അശ്ലീല വാക്ക് പറയുന്ന പോലെ 'ജയ് ശ്രീറാം' വിളിക്കാന്‍ കാണികളെ പ്രേരിപ്പിച്ചത്. 
 
പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം സമീപകാല ക്രിക്കറ്റിലെ ഏറ്റവും മികച്ചൊരു ബാറ്ററാണ്. ഇന്ത്യക്ക് വിരാട് കോലി പോലെയാണ് പാക്കിസ്ഥാന് ബാബര്‍. മികച്ച ബൗളര്‍മാര്‍ക്കെതിരെ ബാബര്‍ കളിക്കുന്ന കവര്‍ ഡ്രൈവുകള്‍ കാണാന്‍ തന്നെ മനോഹരമാണ്. അത്രയും ക്ലാസി ടച്ചുള്ള പ്ലെയറിനെതിരെ ലോകകപ്പ് തുടങ്ങിയ സമയം മുതല്‍ ഇന്ത്യക്കാര്‍ നടത്തുന്ന പരിഹാസം സീമകളില്ലാത്തതാണ്. ആദ്യ രണ്ട് കളികളില്‍ ബാബര്‍ റണ്‍സ് കണ്ടെത്താന്‍ പരാജയപ്പെട്ടതോടെ ഇന്ത്യക്കാര്‍ അയാളെ യാതൊരു ദയാദാക്ഷിണ്യവുമില്ലാതെയാണ് ട്രോളിയിരുന്നത്. 'സിംബാബ്വെ മര്‍ദ്ദകന്‍' എന്നൊക്കെ ഹാഷ് ടാഗ് നല്‍കി ബാബറിനെ കളിയാക്കി. 
 
വിരാട് കോലി അടക്കമുള്ള ഇന്ത്യന്‍ താരങ്ങളോട് വളരെ അടുത്ത സൗഹൃദം പുലര്‍ത്തുന്ന താരമാണ് ബാബറെന്ന് ഓര്‍ക്കണം. വിരാട് കോലി മോശം ഫോമിലൂടെ കടന്നുപോയ സമയത്ത് 'ഇതും കടന്നു പോകും, കരുത്തനായിരിക്കൂ സഹോദരാ' എന്ന് വാക്കുകള്‍ കൊണ്ട് ശക്തി പകര്‍ന്ന താരമാണ് ബാബര്‍ എന്ന് കൂടി ഓര്‍ക്കണം. ജസ്പ്രീത് ബുംറയ്ക്ക് കുഞ്ഞ് പിറന്നപ്പോള്‍ സമ്മാനപ്പൊതിയുമായി ഓടിയെത്തിയത് പാക്കിസ്ഥാന്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയാണ്. ഈ സുന്ദരമായ കാഴ്ചകള്‍ക്കിടയിലാണ് രാജ്യത്തെ നാണം കെടുത്താന്‍ തീവ്ര ഹിന്ദുത്വവാദികള്‍ ഇറങ്ങിയിരിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article