ടി 20 ലോകകപ്പിന് ശേഷം രവി ശാസ്ത്രി ഒഴിയുമ്പോള്‍ മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക് എത്തിയേക്കും. ധോണിയെ പരിശീലകനാക്കാന്‍ ബിസിസിഐ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇതിനു മുന്നോടിയായാണ് ടി 20 ലോകകപ്പ് ടീമിന്റെ ഉപദേശകനായി ധോണിയെ ഇപ്പോള്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ടി 20 ലോകകപ്പില്‍ മികച്ച ഫലം ലഭിച്ചാല്‍ ധോണിയെ മുഖ്യ പരിശീലകന്റെ ചുമതലയേല്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇത്തവണത്തെ ഐപിഎല്‍ മത്സരങ്ങള്‍ കഴിയുന്നതോടെ ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്നും വിരമിക്കുമെന്നാണ് സൂചന.
ടി 20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഉപദേശകനായി മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയെത്തുമ്പോള്‍ ആരാധകരും ആവേശത്തിലാണ്. ധോണിയുടെ സാന്നിധ്യം ടീമിന് കരുത്തേകുമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും കരുതുന്നു. ടീം അംഗങ്ങളുമായി ധോണിക്കുള്ള സൗഹൃദവും അടുപ്പവും ഏറെ ഗുണം ചെയ്യും. ധോണിയെ ഉപദേശകനായി ടീമിനൊപ്പം ചേര്‍ക്കാന്‍ ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയാണ് ആദ്യം തീരുമാനിച്ചത്. ഇക്കാര്യം സെലക്ഷന്‍ കമ്മിറ്റിയെ അറിയിച്ചിരുന്നു. നായകന്‍ വിരാട് കോലിയുടെ കൂടി അഭിപ്രായം അറിഞ്ഞ ശേഷം അന്തിമ തീരുമാനമെടുത്താല്‍ മതിയെന്നായിരുന്നു ബിസിസിഐയുടെ നിലപാട്. ധോണിയുടെ സാന്നിധ്യം ടീമിന് കൂടുതല്‍ കരുത്തേകുമെന്ന് കോലിയും നിലപാടെടുത്തു. ടീം ഉപദേശ സ്ഥാനം ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്ന് ധോണിയും വ്യക്തമാക്കി. ഇന്ത്യന്‍ ടീമിനൊപ്പം തുടക്കംമുതല്‍ തന്നെ ധോണി ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഐപിഎല്ലിന് ശേഷം ധോണി ഇന്ത്യന്‍ ടീമിനൊപ്പം ചേരും.