വെസ്റ്റിന്‍ഡീസിന് എതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയ്ക്ക് നാല്‌വിക്കറ്റ് ജയം. ഒരുഘട്ടത്തില്‍ വിജയം വെസ്റ്റിന്‍ഡീസ് കൊണ്ടുപോകും എന്ന് തോന്നിപ്പിച്ച മത്സരമായിരുന്നു പെര്‍ത്തില്‍ കണ്ടത്. മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ താളം കണ്ടെത്താനാകാതെ ഗാല്ലറിയിലേക്ക് മടങ്ങിയപ്പോള്‍ അക്ഷോഭ്യനായി നിന്ന ടീമിനെ നയിച്ച ധോണിയുടെ മികവിലാണ് ഇന്ത്യ വിജയം കണ്ടെത്തിയതെന്ന് പറയാം. ക്യാപ്റ്റന്‍ ധോണിയും( 45) അശ്വിനും(16) ചേര്‍ന്നൊരുക്കിയ 61 റണ്‍സിന്റെ കൂട്ട്‌കെട്ടീന്റെ മികവിലാണ് 39.1 ഓവറില്‍ ഇന്ത്യ വിജയതീരമണഞ്ഞത്.
പെര്‍ത്തിലെ പിച്ചില്‍ വിന്‍ഡീസിനെ 182 റണ്‍സിന് എറിഞ്ഞിട്ടെങ്കിലും മറുപടി ബാറ്റിങ്ങില്‍ ഇന്ത്യക്കും പിഴക്കുകയായിരുന്നു. മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ക്കൊന്നും പിടിച്ചുനില്‍ക്കാനാകാത്തതാണ് ഇന്ത്യക്ക് വിനയായത്. ഓപ്പണര്‍മാരായ ശിഖര്‍ ധവാനും (7) രോഹിത് ശര്‍മയും (9) തുടക്കത്തിലേ പുറത്തായി. കോലിക്കും (33) രഹാനെക്കും (14) റെയ്‌നക്കും (22) തുടക്കം ലഭിച്ചെങ്കിലും കൂടുതല്‍ സമയം പിടിച്ചുനില്‍ക്കാനായില്ല. പിന്നാലെ രവീന്ദ്ര ജഡേജയും(13) ധോണിയും ചേര്‍ന്ന് മികച്ച നിലയില്‍ തുടങ്ങിയെങ്കിലും റസലിന്റെ ബോള്‍ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തിനിടെ ജഡേജ പുറത്താകുകയായിരുന്നു.
പിന്നീട് ക്യാപ്റ്റന് കൂട്ടായ് അശ്വിന്‍ നിലയുറപ്പിച്ചപ്പോള്‍ സിംഗിളുകളിലൂടെ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡിന് ജീവന്‍ വയ്ക്കുകയായിരുന്നു. എന്നാല്‍ ഓവറുകള്‍ നീണ്ടുകിടക്കുമ്പോഴും റണ്‍നെടുക്കാന്‍ തിടുക്കം കാട്ടുന്ന അശ്വിനെ ധോണി ഇടയ്ക്കിടെ ശാസിക്കുന്നുണ്ടായിരുന്നു. ഈ തിടുക്കം തന്നെയാണ് ഇന്ത്യക്ക് ഓപ്പണര്‍മാരേ നഷ്ടപ്പെടുന്നതില്‍ എത്തിച്ചത്.
ഇന്ന് ബൌളര്‍മാരുടെ മത്സരമായിരുന്നു എന്ന് തീര്‍ച്ചയായും പറയാന്‍ സാധിക്കും. രണ്ടു ടീമുകളിലേയും ബൌളര്‍മാരാണ് ഇന്ന് മത്സരത്തില്‍ തിളങ്ങിയത്. ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യന്‍ ബൌളര്‍മാരുടെ മുന്നില്‍ അടിപതറുന്ന കാഴ്ചയാണ് തുടക്കം മുതല്‍ കണ്ടത്. അഞ്ചാം ഓവറില്‍ മുഹമ്മദ് ഷമിയുടെ പന്തില്‍ സ്മിത്ത് (6) പുറത്താകുകയായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ മര്‍ലോണ്‍ സാമുവല്‍സ് ഗെയിലുമൊത്ത് മികച്ച ടോട്ടം നേടുമെന്ന് കരുതിയെങ്കിലും എട്ടാം ഓവറില്‍ സാമുവല്‍സ് (2) റണ്‍ഔട്ടാകുകയായിരുന്നു.
തൊട്ടുപിന്നാലെ ടീമിന്റെ പ്രതീക്ഷകളായിരുന്ന വെടിക്കെട്ട് ബാറ്റ്സ്മാന്മാരായ ക്രിസ് ഗെയില്‍ (21), ദിനേഷ് രാംദിന്‍ (0), ലെന്‍ഡി സിമ്മണ്‍സ്(9), ജൊനാഥന്‍ ക്വാര്‍ട്ടര്‍ (21), ഡാരന്‍ സമ്മി (26), ആന്ദ്രേ റസ്സല്‍ (8), ജെറോം ടെയ്‌ലര്‍ (11), കെമാര്‍ റോച്ച് (0) എന്നിവവെ ഇന്ത്യ ഗാല്ലറിയിലേക്ക് പറഞ്ഞയച്ചതോടെ വെസ്റ്റിന്‍ഡീസ് തകര്‍ന്ന് തരിപ്പിണമായി. ഇന്ത്യയുടെ പേസ്ബൌളര്‍ മുഹമ്മദ് ഷമിയാണ് വെസ്റ്റ് ഇന്‍ഡീസ് പ്രതീക്ഷകളെ എറിഞ്ഞുടച്ചതില്‍ മുന്നില്‍ നിന്നത്.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇന്റീസ് 44.2 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. ആരംഭത്തിലെ ബാറ്റിംഗ് തകര്‍ച്ച നേരിട്ട വെസ്റ്റ് ഇന്റീസിന് ജേസണ്‍ ഹോള്‍ഡര്‍ നേടിയ അര്‍ദ്ധ സെഞ്ചുറിയാണ് 182 റണ്‍സെടുക്കാന്‍ വെസ്റ്റ് ഇന്റീസിനെ സഹായിച്ചത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷാമി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഉമേഷ് യാദവും രവീന്ദ്ര ജഡേജയും ഈരണ്ടും അശ്വിനും മോഹിത് ശര്‍മ്മയും ഓരോ വിക്കറ്റ് വീതവും എടുത്തു. വെസ്റ്റ് ഇന്‍ഡീസിനായി റസലും, ടെയ്‌ലറും ഈരണ്ടു വിക്കറ്റുകളും, സ്മിത്ത് ഒരു വിക്കറ്റും നേടി. മുഹമ്മദ് ഷമിയാണ് മാന്‍ ഓഫ്ദി മാച്ച്.