ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ്സ് ഇലവന്‍ സന്നാഹ മത്സരം ഇന്ന്

ശനി, 9 ജൂലൈ 2016 (09:26 IST)
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് ഇന്ന് തുടക്കം. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ്സ് ഇലവനുമായുള്ള ദ്വിദിന വാംഅപ്പ് മൽസരം ഇന്ന് നടക്കും. രണ്ടു ടീമിനും ബാറ്റിങ്ങിനായി ഓരോ ദിവസം ലഭിക്കുന്ന രീതിയിലാണ് മത്സരം ക്രമീകരിച്ചിട്ടുള്ളത്.
 
അനിൽ കുംബ്ലെ ചീഫ് കോച്ചായി ചുമതലയേറ്റ ശേഷമുള്ള ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്. നാലു ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പരയ്ക്കു മുന്നോടിയായി ഇന്ത്യന്‍ ഫാസ്റ്റ് ബോളർ മുഹമ്മദ് ഷാമിയുടെ ശാരീരികക്ഷമത കൂടി ഈ മൽസരത്തിൽ നിരീക്ഷിക്കും. അതോടൊപ്പം ടെസ്റ്റുകളിൽ നിറം മങ്ങുന്ന ഓപ്പണിങ് ബാറ്റ്സ്മാൻ ശിഖർ ധവാന്റെ ഫോമും ഈ മൽസരത്തിൽ നിര്‍ണ്ണായകമാകും.
 
ഈ മാസം 21ന് ആന്റിഗ്വയിലാണ് ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. അതിനു മുന്നോടിയായി 14 മുതൽ 16 വരെ ഇന്ത്യൻ ടീം സെന്റ് കിറ്റ്സിൽ ഒരു ത്രിദിന മൽസരവും കളിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇവിടെയെത്തിയ ഇന്ത്യൻ ടീം യോഗ സെഷനുശേഷം ബീച്ച് വോളിബോളും കളിച്ചിരുന്നു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക