രോഹിത്തിന്‍റെ വെടിക്കെട്ട് വീണ്ടും, ഇനി ആര്‍ക്കുണ്ട് സംശയം?

മഹേഷ് ശ്രീധര്‍
ശനി, 5 ഒക്‌ടോബര്‍ 2019 (16:08 IST)
10 ഫോറും ഏഴ് സിക്സും! കൂട്ടി നോക്കുക. പന്ത് അതിര്‍ത്തികടത്തി മാത്രം നേടിയത് 82 റണ്‍സ്. അതും ഒരു ടെസ്റ്റ് മത്സരത്തില്‍. ബാറ്റ് ചെയ്യുന്നത് രോഹിത് ശര്‍മയാണെങ്കില്‍ മാത്രം സംഭവിക്കുന്ന കാര്യം. അതേ, രണ്ടാം ഇന്നിംഗ്സിലും സെഞ്ച്വറി നേടി ഓപ്പണര്‍ രോഹിത് ശര്‍മ ദക്ഷിണാഫ്രിക്കയുടെ സ്വപ്നങ്ങള്‍ക്ക് മേല്‍ തീവിതറി.
 
149 പന്തുകള്‍ നേരിട്ട രോഹിത് ശര്‍മ നേടിയത് 127 റണ്‍സ്. ഏകദിനശൈലിയില്‍ ബാറ്റ് വീശിയ രോഹിത്തിന്‍റെ ബലത്തില്‍ ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക് കുതിച്ചു. രോഹിത് വീണത് ആദ്യ ഇന്നിംഗ്സിന് സമാനമായി. കേശവ് മഹാരാജിനെ ആഞ്ഞടിക്കാനുള്ള ശ്രമത്തിനിടെ സ്റ്റമ്പ് ചെയ്ത് പുറത്താക്കി.
 
രോഹിത് ശര്‍മ ടെസ്റ്റില്‍ ഓപ്പണറാകുന്നതില്‍ ഇനി ആര്‍ക്കെങ്കിലും സംശയം അവശേഷിച്ചിട്ടുണ്ടെങ്കില്‍ അതും അവസാനിപ്പിക്കുന്നതായിരുന്നു ഈ ഇന്നിംഗ്സ്. ഓപ്പണറാകാന്‍ അവസരം ലഭിച്ച ആദ്യ ടെസ്റ്റില്‍ തന്നെ രണ്ട് ഇന്നിംഗ്സിലും സെഞ്ച്വറി നേടുക. ഒരു അസാധാരണ പ്രതിഭയ്ക്ക് മാത്രം സാധിക്കുന്ന കാര്യം. കഴിഞ്ഞ ഇന്നിംഗ്സിലെ പങ്കാളി മായങ്ക് അഗര്‍വാളിനെ ഇത്തവണ തുടക്കത്തിലേ നഷ്ടമായെങ്കിലും ചേതേശ്വര്‍ പൂജാരയെ കൂട്ടുപിടിച്ചായിരുന്നു രോഹിത് ശര്‍മ ദക്ഷിണാഫ്രിക്കയെ വട്ടം ചുറ്റിച്ചത്.
 
85.23 സ്ട്രൈക്ക് റേറ്റിലായിരുന്നു രണ്ടാം ഇന്നിംഗ്സില്‍ രോഹിത്തിന്‍റെ ബാറ്റിംഗ്. ഓപ്പണറായി രോഹിത്തിന്‍റെ അത്ഭുതപ്രകടനങ്ങള്‍ ക്രിക്കറ്റ് ലോകം ഇനിയെത്ര കാണാനിരിക്കുന്നു!

അനുബന്ധ വാര്‍ത്തകള്‍

Next Article