സീനിയർ താരങ്ങൾക്ക് വിശ്രമം, ദക്ഷിണാ‌‌ഫ്രിക്കയെ നേരിടുക പുതിയ നായകന് കീഴിൽ, സഞ്ജു ടീമിൽ ഇടം പിടിച്ചേക്കും

ഞായര്‍, 15 മെയ് 2022 (11:56 IST)
അടുത്തമാസം നടക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇ‌ന്ത്യൻ ടീമിനെ ഹാർദ്ദിക് പാണ്ഡ്യ നയിച്ചേക്കുമെന്ന് റിപ്പോർട്ട്. ടീമിലെ സീനിയ‌ർ താരങ്ങൾക്ക് വിശ്രമം അനുവദിക്കുന്ന പശ്ചാത്തലത്തിലാണ് ഹാർദ്ദിക് ഇന്ത്യൻ നായകനായി എത്തുന്നത്.
 
നിലവിലെ ടീമിൽ നിന്നും സീനിയർ താരങ്ങ‌ളായ രോഹിത് ശർമ, കെഎൽ രാഹുൽ,ജസ്‌പ്രീത് ബു‌മ്ര,റിഷബ് പന്ത് എന്നിവർക്ക് വിശ്രമം അനുവദിച്ചേക്കുമെന്നാണ് സൂചന. വിരാട് കോലി ടീമിൽ ഉണ്ടാകില്ലെന്ന് നേരത്തെ ഉറപ്പായിരുന്നു. ജൂലൈയിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിക്കാനാണ് ബിസിസിഐ ശ്രമിക്കുന്നത്.
 
അതേസമയം സീനിയർ താരങ്ങളുടെ അഭാവത്തിൽ രാജസ്ഥാൻ റോയൽസ് നായകനായ മലയാളി താരം സഞ്‌ജു സാംസണിന് ദേശീയ ടീമിൽ വീണ്ടും സ്ഥാനം നേടാൻ ആയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഐപിഎല്ലിൽ മോശം പ്രകടനമായിരുന്നു ഇഷാൻ കിഷൻ നടത്തിയത് എന്നതും സഞ്ജുവിന്റെ സാധ്യത വർധിപ്പിക്കുന്നു. ബൗളർമാരിൽ ഉ‌മ്രാൻ മാലിക്കിനെ പരിഗണിക്കുമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇന്ത്യൻ എ ടീമിലേക്കായിരിക്കും താരത്തെ ആദ്യം പരിഗണിക്കുക.
 
ഐപിഎല്ലില്‍ വേഗം കൊണ്ടും ബൗണ്‍സ് കൊണ്ടും അതിശയിപ്പിച്ച ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പേസര്‍ മൊഹ്‌സിന്‍ ഖാന്‍, ഡെത്ത് ഓവര്‍ സ്‌പെഷലിസ്റ്റായ പഞ്ചാബ് കിംഗ്‌സ് പേസര്‍ അര്‍ഷദീപ് സിംഗ് എന്നിവരെയും ടീമിലേക്ക് പരിഗണിച്ചേക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍