പടിക്കൽ കലമുടയ്ക്കുന്ന രാജസ്ഥാൻ ബ്ലണ്ടർ, അശ്വിനെ മൂന്നാമത് ഇറക്കുന്നതിൽ വിമർശനം ശക്തം

വ്യാഴം, 12 മെയ് 2022 (19:46 IST)
ഐപിഎല്ലിലെ ആദ്യ കളികളിൽ വമ്പൻ വിജയങ്ങൾ നേടി പോയന്റ് പട്ടികയിൽ ആധിപത്യം പുലർത്തിയാണ് രാജസ്ഥാൻ റോയൽസ് ഇത്തവണ ഐപിഎല്ലിന് ‌തുടക്കമിട്ടത്. ഏറെകാലമായി ഐപിഎല്ലിൽ കാര്യമായ നേട്ടങ്ങൾ ഒന്നും ഉണ്ടാക്കാനാവാതെ പോയ ടീം ഇത്തവണ പ്ലേ ഓഫിന് യോഗ്യത നേടുമെന്ന് ആരാധകർ ഉറപ്പിച്ചിരുന്നെങ്കിലും വമ്പൻ ബ്ലണ്ടറുകൾ നടത്തി ആ സ്വപ്‌നങ്ങളെ രാജസ്ഥാൻ തന്നെ തല്ലികെടുത്തുന്നതാണ് ടൂർണ‌മെന്റിൽ കാണാനാവുന്നത്.
 
ടോപ് ഓർഡർ ബാറ്റ്സ്മാന്മാരുടെ പ്രകടനത്തെ ആശ്രയിച്ച് മുന്നോട്ട് കുതിച്ചിരുന്ന രാജസ്ഥാന്റെ കുതിപ്പിന് കടിഞ്ഞാണിട്ടത് ടീമിൽ വരുത്തിയ പരിഷ്‌കാരങ്ങൾ തന്നെ‌യെന്ന് പറയേണ്ടി വരും. ഓപ്പണി‌ങ് റോളിൽ ബട്ട്‌ലറും ജെയ്‌സ്‌വാളും തിളങ്ങു‌മ്പോൾ പലപ്പോഴും ആദ്യ വിക്കറ്റ് വീണാൽ പിന്നീടെത്തുന്നത് പ്രോപ്പർ ബാറ്റ്സ്മാൻ പോലുമല്ലാത്ത രവിചന്ദ്ര അശ്വിൻ ആണ്.
 
വിക്കറ്റുകൾ തുടരെ വീഴുന്നത് തടയുമെന്നതും പവർ പ്ലേയിൽ റൺസ് കണ്ടെത്തുന്നതിൽ അശ്വിന് മിടുക്കുണ്ട് എന്നതും പോസിറ്റീവുകളാണെങ്കിലും ടോപ് ഓർഡറിൽ ഒരു ടോപ് ബാറ്റ്സ്മാൻ തന്നെയാവണം ഇന്നിങ്‌സ് കെട്ടിപടുക്കേണ്ടത് എന്ന പ്രാഥമിക കാര്യം രാജസ്ഥാൻ വിസ്‌മരിക്കുന്നു. ഫലമെന്തെന്നാൽ ആദ്യ പവർപ്ലേയ്ക്ക് ‌ശേഷം പന്തുകൾ കൺസ്യൂം ചെയ്യുക എന്നത് മാത്രമായി അശ്വിൻ മാറുന്നു.
 
ക്രീസിൽ സെറ്റ് ആയിക്ക‌ഴിഞ്ഞാൽ സ്കോറിങ് ഉയർത്താൻ ഒരു പ്രോപ്പർ ബാറ്റ്സ്മാൻ അല്ലാത്ത അശ്വിൻ പരാജയമാവുന്നു. സ്വാഭാവികമായും സഞ്ജുവോ, വാൻ ഡർ ഡസ്സനോ കളിച്ചാൽ അധികം കിട്ടുന്ന 20-30 റൺസുകൾ ടീമിന് നഷ്ടമാവുകയും ചെയ്യുന്നു. ഇന്ന് ‌ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ സെൻസേഷൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വാൻഡർ ഡസ്സൻ രാജസ്ഥാനിൽ കളിക്കാനിറങുന്നത് റിയാൻ പരാഗിനും ശേഷം മാത്രമാണ് എന്നത് കാണിക്കുന്നുണ്ട് കളിക്കാരെ കൈകാര്യം ചെയ്യുന്നതിലെ രാജസ്ഥാന്റെ കെടുകാര്യസ്ഥത.
 
മൂന്നാമതോ നാലാമതോ ഇറങ്ങി ഒരു പ്രോപ്പർ ബാറ്റ്സ്മാൻ ചെയ്യേണ്ട ഇന്നിങ്‌സ് ബിൽഡിങ് എന്ന ജോലി ചെയ്യാൻ സഞ്ജു, വാൻഡർ ഡസ്സൻ എന്നിങ്ങനെ നിരവധി സാധ്യതകൾ ഉള്ളപ്പോൾ ഇരുട്ടിൽ തപ്പി തങ്ങൾക്ക് ലഭിക്കേണ്ട വി‌ജയങ്ങൾ പോലും എതിരാളികൾക്ക് വിട്ടു നൽകുന്ന രാജസ്ഥാൻ അവസാനം പ്ലേ ഓഫ് സാധ്യതകൾ പടിക്കൽ വെച്ചുടച്ചാൽ പോലും അതിൽ അത്ഭുതപ്പെടേണ്ടതില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍