ഇത്രയും അപക്വമാവരുത്, ആ ഷോട്ടിന് മാപ്പില്ല: റിഷഭ് പന്തിനെതിരെ പൊട്ടിത്തെറിച്ച് ഗവാസ്‌കർ

Webdunia
ബുധന്‍, 5 ജനുവരി 2022 (22:18 IST)
സൗത്താഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ നിരുത്തരവാദപരമായ രീതിയില്‍ ഷോട്ട് കളിച്ച് വിക്കറ്റ് വലിച്ചെറിഞ്ഞ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെതിരേ പൊട്ടിത്തെറിച്ച് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്‌കർ. മത്സരത്തിൽ മൂന്ന് പന്തുകൾ മാത്രം ബാറ്റ് ചെയ്‌ത പന്ത് ക്രീസിന് വെളിയിലിറങ്ങി ഷോട്ടിന് ശ്രമിക്കവെ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകുകയായിരുന്നു.
 
മത്സരത്തിൽ അർധസെഞ്ചുറി നേടിയ സീനിയർ താരങ്ങളായ പുജാരയും രഹാനെയും പുറത്തായതോടെയാണ് പന്ത് ക്രീസിലെത്തുന്നത്. ഇന്ത്യ അപ്പോൾ നാലിന് 163 റൺസ് എന്ന നിലയിലായിരുന്നു. ഫിഫ്റ്റികള്‍ നേടിയ പുജാരയും രഹാനെയും അടുത്തടുത്ത് പുറത്തായിരുന്നെങ്കിലും പന്തും വിഹാരിയും ചേർന്ന് സ്കോർ ഉയർത്തുമെന്നാണ് ഏവരും കരുതിയിരുന്നത്.
 
എന്നാൽ അനാവശ്യമായ തിടുക്കം കാണിച്ച പന്ത് ഓഫ് സ്റ്റംപിന് പുറത്തേക്കു പോയ ആദ്യത്തെ ബോളില്‍ റബാഡയ്‌ക്കെതിരേ ഷോട്ടിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.അടുത്ത ബോളിനും റണ്ണൊന്നുമില്ല. മൂന്നാമത്തേത് ഷോര്‍ട്ട് ബോളിലായിരുന്നു. പക്ഷെ റിഷഭ് ഒന്നും നോക്കാതെ ക്രീസിനു പുറത്തേക്കു ചാടിയിറങ്ങി ഷോട്ടിനു ശ്രമിച്ച് വിക്കറ്റ് സമ്മാനമായി നൽകിയത്.
 
ഇത്തരമൊരു സമയത്ത് ഇങ്ങനെയൊരു ഷോട്ട് റിഷഭില്‍ നിന്ന് നിങ്ങള്‍ കാണുന്നത്. ആ ഷോട്ടിനു നിങ്ങള്‍ക്കു ഒരു തരത്തിലും മാപ്പ് നല്‍കാന്‍ കഴിയില്ല. അത് അവന്റെ സ്വാഭാവിക ഗെയിമാണെന്നതടക്കമുള്ള അസംബന്ധങ്ങളിലൊന്നും കാര്യമില്ല ഗവാസ്‌കർ പറഞ്ഞു. ഇത്തരം സന്ദർഭങ്ങളിൽ അല്പമെങ്കിലും ഉത്തരവാദിത്വം കാണിക്കണം.
 
രഹാനെ, പുജാര എന്നിവരെപ്പോലുള്ളവര്‍ ശരീരം കൊണ്ട് പോലും ചെറുത്തുനില്‍പ്പ് നടത്തിയാണ് പിടിച്ചുനിന്നത്. അപ്പോഴാണ് പന്ത് ഇത്തരം ഷോട്ടുകൾക്ക് ശ്രമിച്ച് വിക്കറ്റ് വലിച്ചെറിയുന്നത്. ഇത്തരം പ്രകടനങ്ങൾക്ക് ആരിൽ നിന്നും നല്ല വാക്കുകൾ ലഭിക്കാൻ പോകുന്നില്ലെന്നും ഗവാസ്‌കർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article