Asia Cup 2023: സുരക്ഷയുടെ പേരില്‍ പാക്കിസ്ഥാനില്‍ കളിക്കാന്‍ സാധിക്കില്ലെന്ന് വാശിപിടിച്ച ഇന്ത്യക്ക് എട്ടിന്റെ പണി കിട്ടിയേക്കും. ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കുന്ന ശ്രീലങ്കയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സൂപ്പര്‍ ഫോറിലെ മത്സരങ്ങള്‍ പലതും ഇന്ത്യക്ക് പൂര്‍ണമായി നഷ്ടപ്പെട്ടേക്കും. പാക്കിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടം ഞായറാഴ്ച മഴ മൂലം തടസപ്പെട്ടിരുന്നു. ഇന്ന് റിസര്‍വ് ഡേ ആയതിനാല്‍ ഇന്നലെ നിര്‍ത്തിയിടത്തു നിന്ന് മത്സരം ഇന്ന് തുടരും. അതേസമയം ഇന്നും കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ഏകദിനത്തില്‍ ഇരു ടീമുകളും 20 ഓവറെങ്കിലും കളിച്ചാല്‍ മാത്രമേ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയിയെ നിശ്ചയിക്കാന്‍ സാധിക്കൂ. ഇന്നലെ കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 24.1 ഓവര്‍ ബാറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ ഇന്നിങ്‌സ് കഴിഞ്ഞ് പാക്കിസ്ഥാനും 20 ഓവറെങ്കിലും ബാറ്റ് ചെയ്താല്‍ മാത്രമേ മത്സരത്തിനു ഫലം ഉണ്ടാകൂ. ഇല്ലെങ്കില്‍ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് മാത്രം ലഭിക്കും. ഇത് ഇന്ത്യക്ക് തിരിച്ചടിയാകും. കാരണം സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനും ശ്രീലങ്കയ്ക്കും ഇതിനോടകം രണ്ട് വീതം പോയിന്റ് ആയിട്ടുണ്ട്. ഇനിയുള്ള മത്സരങ്ങള്‍ മഴ മൂലം ഉപേക്ഷിച്ചാലും പോയിന്റ് നിലയില്‍ പാക്കിസ്ഥാനും ശ്രീലങ്കയും മുന്നില്‍ തുടരും. ഇത് ഇന്ത്യക്ക് ഏഷ്യാ കപ്പ് ഫൈനല്‍ കളിക്കാനുള്ള അവസരം നഷ്ടമാക്കും.