ഐസിസി ടി20 ലോകകപ്പിൽ ഏറ്റവുമധികം സാധ്യതകൾ കൽപ്പിക്കപ്പെടുന്ന ടീമുകളാണ് ഇന്ത്യയും ന്യൂസിലൻഡും. ഗ്രൂപ്പ് മത്സരത്തിൽ താരതമ്യേന ദുർബലരായ പാകിസ്ഥാനോട് ഇരു ടീമുകളും വിജയിക്കുമെന്ന് കരുതിയിരുന്നെങ്കിലും രണ്ട് ടീമുകൾക്കെതിരെയും വിജയം പാകിസ്ഥാൻ സ്വന്തമാക്കി. ഇതോടെ വരാനിരിക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് മത്സരം ഇരുടീമുകൾക്കും നിർണായകമായിരിക്കുകയാണ്.
ഇന്ത്യയിൽ നിന്ന് വ്യത്യസ്‌തമായി ഒരു കൂട്ടം കളിക്കാരെ ആശ്രയിക്കുന്നു എന്നതാണ് ന്യൂസിലൻഡിനെ കരുത്തരാക്കുന്നത്.ഇനി ഐസിസി ടൂർണമെന്റുകളുടെ കാര്യമെടുത്താൽ 2003ലാണ് ഇന്ത്യ അവസാനമായി ന്യൂസിലൻഡിനെതിരെ വിജയിച്ചിട്ടുള്ളതെന്ന് കാണാം. സൗരവ് ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയിലാണ് അന്നു ഇന്ത്യ ജയിച്ചുകയറിയത്. പിന്നീട് കളിച്ച ഐസിസിയുടെ ഒരു ടൂര്‍ണമെന്റിലും കിവികള്‍ ഇന്ത്യക്കു മുന്നില്‍ കീഴടങ്ങിയിട്ടില്ല. 2019ലെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനോടേറ്റ തോല്‍വി ഇന്നും ഇന്ത്യൻ ആരാധകർക്ക് നോവുന്ന വേദനയാണ്.
കെയ്‌ൻ വില്യംസൺ,ഡിവോൺ കോൺവെ,മാർട്ടിൻ ഗുപ്‌റ്റിൽ എന്നിവരടങ്ങുന്ന ബാറ്റിങ് നിരയ്ക്കൊപ്പം ട്രെന്റ് ബോൾട്ട്, കെയ്‌ൽ ജാമിസൺ എന്നീ പേസർമാരും ഇഷ് സോധി, മിച്ചെല്‍ സാന്റ്‌നര്‍ തുടങ്ങിയ അനുഭവസമ്പത്തുള്ള മികച്ച സ്പിന്‍ ബൗളിങ് നിരയും ചേരുന്നത് ന്യൂസിലൻഡിനെ അപകടകാരികളാക്കുന്നു.