ഇന്ത്യന്‍ ടീമിലെ അഞ്ച് ബാറ്റര്‍മാരാണ് റണ്‍സൊന്നും തന്നെ നേടാതെ പുറത്തായത് എന്നത് തന്നെ തകര്‍ച്ചയുടെ വ്യാപ്തി എത്രമാത്രമെന്ന് വ്യക്തമാക്കുന്നതാണ്. 2 റണ്‍സെടുത്ത രോഹിത് ശര്‍മ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ വിരാട് കോലി റണ്‍സൊന്നും നേടാതെയാണ് മടങ്ങിയത്. തന്റെ പതിവ് ബാറ്റിംഗ് പൊസിഷനായ നാലാം നമ്പര്‍ സ്ഥാനം മാറ്റിയുള്ള തീരുമാനം കോലിയ്ക്ക് മാത്രമല്ല ടീമിനാകെ തിരിച്ചടിയായി മാറി.
കോലിയ്ക്ക് പിന്നാലെയെത്തിയ സര്‍ഫറാസ് ഖാന്‍, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ,ആര്‍ അശ്വിന്‍ എന്നൊവരെല്ലാം പൂജ്യത്തിനാണ് പുറത്തായത്. ഓപ്പണിംഗില്‍ ഇറങ്ങിയ ജയ്‌സ്വാള്‍ ടീമിനെ കരകയറ്റുമെന്ന പ്രതീക്ഷകളും അന്യമായി. 63 പന്തില്‍ 13 റണ്‍സാണ് താരം നേടിയത്. 49 പന്തില്‍ 20 റണ്‍സുമായി റിഷഭ് പന്ത് പൊരുതിയെങ്കിലും പിന്തുണ നല്‍കാന്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയിലെ ആര്‍ക്കും തന്നെ സാധിച്ചില്ല.