പ്രതീക്ഷ തെറ്റിയില്ല, വിരാട് കോഹ്‌ലിയുടെ വിക്കറ്റ് വീണതോടെ ഒന്നാം ക്രിക്കറ്റ് ടെസ്‌റ്റില്‍ ഇന്ത്യക്ക് 31 റണ്‍സിന്റെ തോല്‍വി. ഇംഗ്ലണ്ട് ഉയർത്തിയ 194 റൺസിന്റെ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 162 റൺസിന് എല്ലാവരും പുറത്തായി. സ്കോർ: ഇംഗ്ലണ്ട് – 287 & 180. ഇന്ത്യ – 274 & 162
രണ്ടാം ഇന്നിംഗ്‌സിലും കോഹ്‌ലി (51) മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും മറ്റാര്‍ക്കും തിളങ്ങാനായില്ല. ഹാർദിക് പാണ്ഡ്യ (31), ദിനേഷ് കാർത്തിക് (20) എന്നിവർ പൊരുതിയെങ്കിലും വിജയതീരത്ത് എത്താനായില്ല. ഇതോടെ അഞ്ചു ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിൽ ആതിഥേയരായ ഇംഗ്ലണ്ട് 1–0ന് മുന്നിലെത്തി.
ബെൻ സ്‌റ്റോക്‍സ് 14.2 ഓവറിൽ 40 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആൻഡേഴ്സൻ, ബ്രോഡ് എന്നിവർ രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി.
ഇന്ത്യ അഞ്ചിന് 110 എന്ന തലേന്നത്തെ സ്കോറിനോട് രണ്ടു റൺസ് കൂട്ടിച്ചേർത്ത് കാർത്തിക്ക് മടങ്ങിയതിനു പിന്നാലെ സ്‌റ്റോക്‍സിന് വിക്കറ്റ് നല്‍കി കോഹ്‌ലിയും കൂടാരം കയറി. പാണ്ഡ്യയ്‌ക്ക് പിന്തുണ നല്‍കുമെന്ന് കരുതിയ മുഹമ്മദ് ഷാമി റണ്ണൊന്നുമെടുക്കാതെ പോയതോടെ ഇന്ത്യ പരുങ്ങലിലായി.
11 റണ്‍സെടുത്ത ഇഷാന്ത് ശര്‍മ്മയെ ആദിൽ റഷീദ് എൽബിയിൽ കുരുക്കിയതോടെ ഇന്ത്യ തോല്‍വി ഉറപ്പിച്ചു. സ്‌റ്റോക്‍സിന്റെ പന്തില്‍ കുക്കിനു ക്യാച്ച് നല്‍കി പാണ്ഡ്യയയും മടങ്ങിയതോടെ ഇന്ത്യയുടെ പതനം പൂർണമായി.