‘കിംഗ് കോഹ്‌ലി‌‘; ആദ്യം റൂട്ട്, പിന്നെ ഇംഗ്ലീഷ് ആരാധകര്‍ - വിരാടിനു മുന്നില്‍ എഴുന്നേറ്റു നിന്ന് കൈയടിച്ച് എതിരാളികള്‍

വെള്ളി, 3 ഓഗസ്റ്റ് 2018 (17:51 IST)
എതിരാളിയെപ്പോലും അത്ഭുതപ്പെടുത്തി സെഞ്ചുറി സ്വന്തമാക്കിയ ഇന്ത്യന്‍ ക്യാപ്‌റ്റനെ ഇംഗ്ലീഷ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത് ‘കിംഗ് കോഹ്‌ലി‌‘ എന്നാണ്.

വീരോചിതമെന്നോ മഹത്തരമെന്നോ വിരാടിന്റെ ഇന്നിംഗ്‌സിനെ വിശേഷിപ്പിച്ചാല്‍ അത് അഹങ്കാരമാകില്ല. അത്രയ്‌ക്കും വീറും വാശിയും നിറഞ്ഞതായിരുന്നു ഇംഗ്ലണ്ടിനെതിരെ ബര്‍മിങാമില്‍ നേടിയ സെഞ്ചുറി.

100 റൺസിനിടെ അഞ്ച് വിക്കറ്റുകൾ വീണതിനു പിന്നാലെയാണ് വാലറ്റത്തെ കൂട്ടു പിടിച്ച് കോഹ്‌ലി ടീമിനെ സുരക്ഷിതമായ നിലയിലെത്തിച്ചത്.  220 പന്തുകളില്‍ നിന്നും 149 റണ്‍സുമായി ഒറ്റയാള്‍ പോരാട്ടം നടത്തിയ ഇന്ത്യന്‍ ക്യാപ്‌റ്റനെ കൈയടിച്ചാണ് ഇംഗ്ലീഷ് ആരാധകര്‍ യാത്രയാക്കിയത്.

പൊരുതി നേടിയ സെഞ്ചുറിക്കുള്ള ആദ്യ പ്രതിഫലം ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന്റേതായിരുന്നു. കൈയടിച്ചാണ് വിരാടിന്റെ സെഞ്ചുറി ആഘോഷത്തില്‍ ഇംഗ്ലീഷ് നായകന്‍ പങ്കാളിയായത്. റാഷിദിന്റെ പന്തില്‍ ബ്രോഡിന് ക്യാച്ച് നല്‍കി ഇന്ത്യന്‍ നായകന്‍ മടങ്ങുമ്പോള്‍ കൂകി വിളിച്ച ഇംഗ്ലീഷ് ആരാധകര്‍ എഴുന്നേറ്റു നിന്ന് കൈയടിച്ചു.

ബാറ്റ് ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ കൂകി വിളിച്ചതിന്റെ പ്രായ്‌ചിത്തം കൂടിയായിരുന്നു ഇംഗ്ലീഷ് ആരാധകരില്‍ നിന്നുമുണ്ടായത്. എന്നാല്‍, 2014ലെ ഇംഗ്ലീഷ് പര്യടനത്തില്‍ 10 ഇന്നിംഗ്‌സുകളില്‍ നിന്നായി 134 റണ്‍സ് മാത്രം സ്വന്തമാക്കിയതിന്റെ നാണക്കേട് കഴുകി കളയുക കൂടിയാണ് കോഹ്‌ലി ചെയ്‌തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍