India vs England 2nd ODI Scoreboard: പത്ത് വിക്കറ്റ് തോല്‍വിക്ക് കടംവീട്ടി ഇംഗ്ലണ്ട്; രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ 100 റണ്‍സിന് വീഴ്ത്തി

വ്യാഴം, 14 ജൂലൈ 2022 (21:07 IST)
India vs England 2nd ODI Scorecard : ഒന്നാം ഏകദിനത്തിലെ പത്ത് വിക്കറ്റ് തോല്‍വിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി ഇംഗ്ലണ്ട്. ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയെ 100 റണ്‍സിന് ഇംഗ്ലണ്ട് തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന്റെ 246 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 38.5 ഓവറില്‍ 146 ന് ഓള്‍ഔട്ടായി. 
 
ഇന്ത്യന്‍ നിരയില്‍ ആര്‍ക്കും ഇംഗ്ലണ്ട് പേസര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 29 റണ്‍സ് വീതം നേടിയ ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍മാര്‍. സൂര്യകുമാര്‍ യാദവ് 27 റണ്‍സും മുഹമ്മദ് ഷമി 23 റണ്‍സും നേടി. രോഹിത് ശര്‍മയും റിഷഭ് പന്തും സംപൂജ്യരായി മടങ്ങിയപ്പോള്‍ വിരാട് കോലി 16 റണ്‍സും ശിഖര്‍ ധവാന്‍ ഒന്‍പതും റണ്‍സും നേടി പുറത്തായി. 
 
9.5 ഓവറില്‍ വെറും 24 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ റീസ് ടോപ്‌ലിയാണ് ഇന്ത്യയുടെ കഥ കഴിച്ചത്. രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, സൂര്യകുമാര്‍ യാദവ് എന്നീ നിര്‍ണായക വിക്കറ്റുകളെല്ലാം ടോപ്‌ലിക്കാണ്. ഡേവിഡ് വില്ലി, ബ്രയ്ഡന്‍ കാര്‍സെ, മൊയീന്‍ അലി, ലിം ലിവിങ്സ്റ്റണ്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഇതോടെ 1-1 എന്ന നിലയിലായി. ഞായറാഴ്ച നടക്കുന്ന മൂന്നാം ഏകദിനത്തില്‍ ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. 
 
നേരത്തെ ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇംഗ്ലണ്ട് 49 ഓവറില്‍ 246 ന് ഓള്‍ഔട്ടായി. മൊയീന്‍ അലി 64 പന്തില്‍ രണ്ട് ഫോറും രണ്ട് സിക്സും സഹിതം 47 റണ്‍സ് നേടി. വാലറ്റത്ത് ഡേവിഡ് വില്ലി മികച്ച പ്രകടനം നടത്തി. 49 പന്തില്‍ രണ്ട് ഫോറും രണ്ട് സിക്സും സഹിതം വില്ലി 41 റണ്‍സാണ് വില്ലി നേടിയത്. ജോണി ബെയര്‍സ്റ്റോ (38 പന്തില്‍ 38), ലിം ലിവിങ്സ്റ്റണ്‍ (33 പന്തില്‍ 33), ജേസന്‍ റോയ് (33 പന്തില്‍ 23), ബെന്‍ സ്റ്റോക്സ് (23 പന്തില്‍ 21) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. 
 
യുസ്വേന്ദ്ര ചഹലാണ് പേരുകേട്ട ഇംഗ്ലണ്ട് ബാറ്റിങ് നിരയെ കറക്കി വീഴ്ത്തിയത്. ചഹല്‍ 10 ഓവറില്‍ 47 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ബെയര്‍സ്റ്റോ, ജോ റൂട്ട്, ബെന്‍ സ്റ്റോക്സ്, മൊയീന്‍ അലി എന്നിവരെയാണ് ചഹല്‍ പുറത്താക്കിയത്. ഹാര്‍ദിക് പാണ്ഡ്യ ആറ് ഓവറില്‍ 28 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുംറ 10 ഓവറില്‍ 49 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍