ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ പിടിമുറുക്കി ഇന്ത്യ. ബംഗ്ലാദേശ് ഒന്നാം ഇന്നിങ്‌സില്‍ 150 റണ്‍സിന് ഓള്‍ഔട്ടായി. ഇന്ത്യക്ക് 254 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 404 റണ്‍സ് നേടിയിരുന്നു.
ബംഗ്ലാദേശ് നിരയില്‍ ആര്‍ക്കും വ്യക്തിഗത സ്‌കോര്‍ 30 കടത്താന്‍ സാധിച്ചില്ല. 28 റണ്‍സ് നേടിയ മുഷ്ഫിഖുര്‍ റഹിം ആണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. മെഹിദി ഹസന്‍ മിറാസ് 25 റണ്‍സും ലിറ്റണ്‍ ദാസ് 24 റണ്‍സും നേടി.
അഞ്ച് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവാണ് ബംഗ്ലാദേശിന്റെ പതനം വേഗത്തിലാക്കിയത്. 16 ഓവറില്‍ 40 റണ്‍സ് മാത്രം വഴങ്ങി ആറ് മെയ്ഡന്‍ ഓവറുകള്‍ അടക്കമാണ് കുല്‍ദീപിന്റെ അഞ്ച് വിക്കറ്റ് നേട്ടം. മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഉമേഷ് യാദവും അക്ഷര്‍ പട്ടേലും ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി.
ഒന്നാം ഇന്നിങ്‌സില്‍ ചേതേശ്വര്‍ പൂജാര (90 റണ്‍സ്), ശ്രേയസ് അയ്യര്‍ (86 റണ്‍സ്), രവിചന്ദ്രന്‍ അശ്വിന്‍ (58 റണ്‍സ്) എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ ബലത്തിലാണ് ഇന്ത്യ 404 റണ്‍സ് നേടിയത്.