ഇത് ധോണി സ്റ്റൈൽ, രാഹുലെന്ന താരോദയം; സഞ്ജുവിന്റെ സാധ്യതകൾ ഇനിയെന്ത്?

ചിപ്പി പീലിപ്പോസ്

ശനി, 18 ജനുവരി 2020 (12:51 IST)
രാജ്കോട്ടിലെ വിജയം ഇന്ത്യൻ ക്രിക്കറ്റ് ടീമിനു പുത്തൻ പ്രതീക്ഷകളാണ് നൽകുന്നത്. വിക്കറ്റ് കീപ്പർക്ക് പരിക്കേറ്റാൽ പകരക്കാരനായി ആരെ ഇറക്കാമെന്ന ചോദ്യത്തിനുള്ള ഉത്തരം കൂടെയാണ് കെ എൽ രാഹുൽ. ഓപ്പണിങ്ങിലും വൺ ഡൗണായും മധ്യനിരയിലും സംശയമേതുമില്ലാതെ ഇറക്കാൻ കഴിയുന്ന താരമാണ് രാഹുൽ. 
 
രാജ്കോട്ടിൽ രണ്ടാം ഏകദിനത്തിലെ പ്രകടനം മാത്രം നോക്കുകയാണെങ്കിൽ ഏത് പൊസിഷനിലും ഏത് റോളിലും സ്യൂട്ട് ആകുന്ന ഒരു ഓൾ‌റൌണ്ടർ തന്നെയാണ് രാഹുൽ. ഓസ്ട്രേലിയയ്ക്കെതിരായ കളിയിലെ താരം രാഹുലാണ്. 52 പന്തിൽ‌ 80 റൺസാണ് ഈ യുവതാരം അടിച്ചെടുത്തതും. അതും മധ്യനിരയിൽ നിന്നു കൊണ്ട്. 
 
പരിക്കേറ്റ് പുറത്തായ പന്തിനു പകരം രാഹുൽ വിക്കറ്റിനു പിന്നിൽ നിന്നപ്പോൾ അത്ഭുതകരമായ പെർഫോമൻസിനു ദൃക്‌സാക്ഷികളാവുകയായിരുന്നു രാജ്കോട്ടിലെ കാണികൾ. വിക്കറ്റിനു പിന്നിൽ ക്ലാസും മാസും ചേർന്ന പ്രകടനം കാഴ്ച വെച്ച രാഹുലിൽ നിന്നും ഒരു ‘ധോണി സ്റ്റൈൽ’ പ്രർഫോമൻസും ഉരുത്തിരിഞ്ഞു. 
 
ഓസീസ് ക്യാപ്റ്റൻ ആരൺ ഫിഞ്ചിനെ ‘ധോണി സ്റ്റൈലിൽ’ സ്റ്റംപ് ചെയ്തു സംശയമേതുമില്ലാതെ ആഘോഷിച്ച രാഹുല്‍ കീപ്പിങ്ങിലും തനിക്ക് തിളങ്ങാൻ കഴിയുമെന്ന് തെളിയിച്ചു. അവസാന ഓവറുകളിൽ മിച്ചൽ സ്റ്റാർക്കിനെയും ആദം സാംപയെയും വിക്കറ്റിനു പിന്നിൽനിന്നും ക്യാച്ചെടുത്തു പുറത്താക്കിയ താരം തന്നെയായിരുന്നു ഓൾ റൌണ്ടർ.
 
അതേസമയം, വിക്കറ്റ് കീപ്പറായി പന്തിനു പകരം ഇടയ്ക്കൊക്കെ സഞ്ജു സാംസണിനെ പരീക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്ന സാഹചര്യത്തിലാണ് വിക്കറ്റ് കീപ്പിങ്ങിലും തിളങ്ങി കെ എൽ രാഹുൽ മുന്നേറുന്നത്. രാഹുൽ ഒരു ഓപ്ഷനാണെന്നിരിക്കേ പന്തിന്റെ അഭാവത്തിൽ സഞ്ജുവിന് അവസരം നൽകാൻ ടീം മാനേജ്മെന്റ് ഇനി തയ്യാറാകുമോയെന്നും ചോദ്യമുയരുന്നുണ്ട്. സഞ്ജുവിന്റെ സാധ്യതകളെന്തെല്ലാമാണ് എന്നും ക്രിക്കറ്റ് ലോകം ചർച്ച ചെയ്യുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍