പന്ത് പുറത്ത്, വിക്കറ്റ് കാക്കാൻ രാഹുൽ; സഞ്ജുവിന് ഭാഗ്യമില്ല?!

ഗോൾഡ ഡിസൂസ

വ്യാഴം, 16 ജനുവരി 2020 (11:08 IST)
ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ പാറ്റ് കമിൻസിന്റെ പന്ത് ഹെൽമറ്റിലിടിച്ച് പരുക്കേറ്റ് വിശ്രമത്തിലാണ് യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. പരുക്കിനെ തുടർന്ന് രണ്ടാം ഏകദിനത്തിൽ നിന്നും പന്തിനെ പുറത്താക്കിയിരുന്നു. പകരം, ആര് വിക്കറ്റ് കാക്കുമെന്ന ചോദ്യവുമുയരുന്നുണ്ട്. 
 
ഒന്നാം ഏകദിനത്തിൽ പന്ത് പുറത്തായപ്പോൾ ലോകേഷ് രാഹുലാണ് ഇന്ത്യയ്ക്കായി വിക്കറ്റ് കാത്തത്. രാഹുലിന് തന്നെയാണ് രണ്ടാം ഏകദിനത്തിലും വിക്കറ്റ് കീപ്പറാകാനുള്ള സാധ്യത കൂടുതൽ. എന്നിരുന്നാലും, മലയാളി താരം സഞ്ജു സാംസണിന്റെ പേരും ഉയർന്നു വരുന്നുണ്ട്. 
 
ന്യൂസീലൻഡിൽ പര്യടനം നടത്തുന്ന ഇന്ത്യ എ ടീമിനൊപ്പമാണ് നിലവിൽ സഞ്ജു. അതുകൊണ്ട് തന്നെ സഞ്ജുവിനെ പരിഗണിക്കാൻ സാധ്യത കുറവാണെന്നാണ് റിപ്പോർട്ടുകൾ. പന്തിനു പകരം രാഹുൽ വന്നാൽ കോലിക്ക് മൂന്നാം നമ്പറിലേക്കും ശ്രേയസ് അയ്യർക്ക് നാലാം നമ്പറിലേക്കും മാറേണ്ടി വരും. എന്തായാലും ഒന്നാം ഏകദിനത്തിലെ നാണംകെട്ട തോൽവിയുടെ നിരാശ മായിക്കാൻ രാജ്കോട്ടിൽ കോലിക്കും സംഘത്തിനും തകർപ്പൻ വിജയം തന്നെ വേണ്ടി വരും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍