സ്പിന്‍ ബോളില്‍ കുരുങ്ങി ദക്ഷിണാഫ്രിക്കയും, മൊഹാലിയില്‍ ഇന്ത്യയ്ക്ക് ലീഡ്
വെള്ളി, 6 നവംബര്‍ 2015 (15:22 IST)
ഇന്ത്യ- ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ് പരമ്പരയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് നേരിയ ലീഡ്. സ്പിൻ ബോളർമാരെ നിലവിട്ടു സഹായിക്കുന്ന മൊഹാലിയിലെ പിച്ചിൽ ഇന്ത്യൻ സ്പിന്നർമാരുടെ ആക്രമണത്തില്‍ തകര്‍ന്ന ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്സിൽ 184 റൺസിന് പുറത്തായി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 201നു പുറത്തായിരുന്നു.
ഇന്നലത്തെ സ്കോറായ രണ്ടിന് 28 റൺസ് എന്ന നിലയിൽ ഇന്ന് ബാറ്റിങ് തുടങ്ങിയ ദക്ഷിണാഫ്രിക്കയുടേത് മികച്ച തുടക്കമായിരുന്നു. നായകന്‍ ഹാഷിം അംലയും ഓപ്പണർ ഡീൻ എൽഗാറും ശ്രദ്ധയോടെ കളിച്ചതിനാല്‍ ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ ലക്ഷ്യ അനായാസം മറികടക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ സ്കോർ 85ൽ നിൽക്കെ എൽഗാറിനെ പുറത്താക്കിക്കൊണ്ട് അശ്വിൻ ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടു. 123 പന്തിൽ നിന്നും 37 റണ്‍സെടുത്ത എൽഗാറിനെ അശ്വിൻ, ജഡേജയുടെ കൈകളിലെത്തിക്കുകയായിരുന്നു.
സ്കോർ 105ൽ എത്തിയപ്പോൾ അംലയുടെ പ്രതിരോധവും അശ്വിൻ തകർത്തു. 43 റൺസെടുത്ത അംലയെ സാഹ സ്റ്റംപു ചെയ്തു പുറത്താക്കുകയായിരുന്നു. പിന്നാലെ വിലാസ് (1), ഫിലാൻഡർ (3), ഹാർമർ (7), സ്റ്റെയിൻ (6) എന്നിവരും മടങ്ങി. ഇന്ത്യൻ ബോളിങ്ങിനെ ഭേദപ്പെട്ട രീതിയിൽ ചെറുത്തുനിന്ന ഡിവില്ലിയേഴ്സ് 63 റൺസുമായി ഒൻപതാമനായാണ് പുറത്തായത്. ഡിവില്ലിയേഴ്സിനെ അമിത് മിശ്ര ക്ലീൻ ബോൾഡാക്കുകയായിരുന്നു. നാലു റൺസെടുത്ത ഇമ്രാൻ താഹിറിനെ പൂജാരയുടെ കൈകളിലെത്തിച്ച് അശ്വിൻ അഞ്ചു വിക്കറ്റ് തികച്ചതോടെ ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിന് തിരശീല വീണു.
ഇന്നത്തെ അഞ്ചു വിക്കറ്റ് നേട്ടത്തോടെ അശ്വിൻ ടെസ്റ്റിൽ 150 വിക്കറ്റ് എന്ന നാഴികക്കല്ലും പിന്നിട്ടു. 29–ാം ടെസ്റ്റിലാണ് അശ്വിൻ ഈ നേട്ടം കൈവരിച്ചത്. ഏറ്റവും വേഗത്തിൽ 150 വിക്കറ്റുകൾ എന്ന നേട്ടത്തിലേക്കെത്തുന്ന ഇന്ത്യൻ താരമായും അശ്വിൻ മാറി. 34–ാം ടെസ്റ്റിൽ ഈ നേട്ടം കൈവരിച്ച സ്പിൻ ഇതിഹാസങ്ങളായ കുംബ്ലെ, പ്രസന്ന എന്നിവരെയാണ് അശ്വിൻ മറികടന്നത്.
ദക്ഷിണാഫ്രിക്കയുടെ 10 വിക്കറ്റുകളും അശ്വിൻ–ജഡേജ–അമിത് മിശ്ര ത്രയം പങ്കിട്ടു. അശ്വിൻ അഞ്ചു വിക്കറ്റ് വീഴ്ത്തിയപ്പോൾ ജഡേജ മൂന്നും മിശ്ര രണ്ടും വിക്കറ്റുകൾ വീഴ്ത്തി. ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിലെ ഏക അർധസെഞ്ചുറിക്ക് അവകാശിയായ എ.ബി. ഡിവില്ലിയേഴ്സ് (63), നായകൻ ഹാഷിം അംല (43), ഓപ്പണർ ഡീൻ എൽഗാർ (37) എന്നിവർക്കു മാത്രമേ ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ടക്കം കടക്കാനായുള്ളൂ.
രണ്ടാം ഇന്നിങ്സിൽ ഇന്ത്യ കൂട്ടിച്ചേർക്കുന്ന റൺസ് അനുസരിച്ചിക്കും മൽസരത്തിലെ ഇന്ത്യയുടെ സാധ്യത. 200 റൺസ് നേടാനായാൽപ്പോലും ഈ പിച്ചില്‍ വിജയത്തിലെത്താന്‍ ഇന്ത്യയ്ക്ക് വിയര്‍പ്പൊഴുക്കേണ്ടതായി വരും. 200 എടുക്കാന്‍ ഇന്ത്യയെ ഇമ്രാൻ താഹിറിന്റെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്കൻ സ്പിന്നർമാർ അനുവദിക്കുമോയെന്ന് കാത്തിരുന്നു കാണാം.