ന്യൂസിലൻഡിനെതിരായ ഇന്ത്യൻ തോൽവിയിൽ ഇംഗ്ലണ്ട് സന്തോഷത്തിലാണ്, കാരണം തുറന്ന് പറഞ്ഞ് ജോ റൂട്ട്

അഭിറാം മനോഹർ
ബുധന്‍, 4 മാര്‍ച്ച് 2020 (12:02 IST)
ന്യൂസിലാന്‍ഡിനെതിരേയുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ ദയനീയ തോൽവിയിൽ സന്തോഷം പ്രകടിപ്പിച്ച് ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകൻ ജോ റൂട്ട്. ഇന്ത്യക്ക് നേരിട്ട പരാജയത്തോടെ ചാമ്പ്യൻഷിപ്പിൽ മറ്റു ടീമുകളുടെ പ്രതീക്ഷകള്‍ക്കാണ് ചിറക് മുളച്ചതെന്നാണ് ഇംഗ്ലണ്ട് നായകന്റെ അഭിപ്രായം.
 
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ ഏഴ് ടെസ്റ്റ് വിജയങ്ങളുമായാണ് ഇന്ത്യ ന്യൂസിലൻഡിലേക്ക് വണ്ടി കയറുന്നത്. ന്യൂസിലൻഡിൽ ഇന്ത്യൻ ടീം പരാജയപ്പെട്ടതോടെ ന്യൂസിലൻഡിന് 120 പോയിന്റുകളാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ലഭിച്ചത്. ഇതോടെ ചാമ്പ്യൻഷിപ്പിൽ ന്യൂസിലൻഡ് 180 പോയിന്റുകളുമായി മൂന്നാമതെത്തി. പോയിന്റ് പട്ടികയില്‍ ഇന്ത്യ തന്നെയാണ് ഇപ്പോഴും തലപ്പത്തെങ്കിലും ന്യൂസിലൻഡിനെതിരായ പരമ്പരയിലെ തോൽവി ഇംഗ്ലണ്ട് ഉൾപ്പടെ മറ്റ് ടീമുകളുടെ ചാമ്പ്യൻഷിപ്പിലെ സാധ്യതകളാണ് വർധിപ്പിച്ചിരിക്കുന്നത്. ഇതാണ് ഇംഗ്ലണ്ട് നായകനെ സന്തോഷിപ്പിച്ചത്.
 
നിലവിൽ 146 പോയിന്റുകളോട് കൂടി പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്താണ് ഇംഗ്ലണ്ട്.ശ്രീലങ്കയ്‌ക്കെതിരേയാണ് ഇംഗ്ലണ്ടിന്റെ അടുത്ത പരമ്പര. ഇതില്‍ ജയിക്കുന്നതിനൊപ്പം നാട്ടില്‍ നടക്കാനിരിക്കുന്ന അടുത്ത പരമ്പരയും സ്വന്തമാക്കിയാല്‍ ഇന്ത്യയെ മറികടന്ന് ഇംഗ്ലണ്ടിന് ഒന്നാമതെത്താൻ സാധിക്കും.ശ്രീലങ്കൻ പരമ്പരയിലും അതിന് ശേഷം ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന പരമ്പരയിലും വിജയിക്കുവാൻ സാധിക്കുകയാണെങ്കിൽ ലോക ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിൽ ഇംഗ്ലണ്ടിനെത്താൻ സാധിക്കും.
 
ലങ്കൻ പര്യടനത്തിന് തൊട്ടുമുൻപുള്ള ഇന്ത്യൻ പരാജയം ചാമ്പ്യൻഷിപ്പിൽ ഇംഗ്ലണ്ടിന്റെ സാധ്യതകൾ വർധിപ്പിക്കുന്നതായി റൂട്ട് പറഞ്ഞു. ഇന്ത്യയുടെ ന്യൂസിലൻഡിനെതിരായ തോൽവി അപ്രതീക്ഷിതമായിരുന്നു.വരാനിരിക്കുന്ന ടെസ്റ്റുകളില്‍ ജയിച്ച് ഇന്ത്യയെ പിന്തള്ളാമെന്ന ശുഭപ്രതീക്ഷയിലാണ് ഇംഗ്ലണ്ട് ടീമെന്നും റൂട്ട് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article