കോഹ്‌ലിക്ക് തടുക്കാനാവില്ല, മൂന്നാം ടെസ്‌റ്റില്‍ അത് സംഭവിക്കും - ആരാധകര്‍ ആ നിമിഷത്തിനായി കാത്തിരിക്കുന്നു!

Webdunia
ചൊവ്വ, 4 ഒക്‌ടോബര്‍ 2016 (16:09 IST)
ഇടത്തേ കൈവിരലിന് പരുക്കേറ്റതിനെത്തുടര്‍ന്ന് ഇന്ത്യ ന്യൂസിലന്‍ഡ് മൂന്നാം ടെസ്‌റ്റില്‍ നിന്ന് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ പിന്മാറിയ സാഹചര്യത്തില്‍ രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ടെസ്‌റ്റ് ടീമിലേക്ക് മടങ്ങിയെത്തിയ ഗൗതം ഗംഭീര്‍ ടീമില്‍ ഉള്‍പ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ട്.

ഇൻഡോറിൽ നടക്കുന്ന മൂന്നാം ടെസ്‌റ്റില്‍ മുരളി വിജയ്ക്കൊപ്പം ഗംഭീറാകും ഇന്ത്യക്കായി ഓപ്പണിംഗ് ഇറങ്ങുക. ധവാന് പകരം കരുൺ നായരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അവസാന ഇലവനിൽ ഗംഭീർ കളിച്ചേക്കുമെന്നാണ് സൂചന.

ആദ്യ ടെസ്റ്റിനിടെ പരുക്കേറ്റ ഓപ്പണർ കെഎൽ രാഹുലിന് പകരക്കാരനായാണ് ഗംഭീറിനെ ടീമിലേക്ക് മടക്കിവിളിച്ചത്. എന്നാൽ രണ്ടാം ടെസ്റ്റിൽ 11 അംഗ ടീമിൽ മോശം ഫോമില്‍ തുടരുന്ന ധവാനെ പരീക്ഷിക്കാന്‍ കോഹ്‌ലിയും പരിശീലകന്‍ അനില്‍ കുംബ്ലെയും തീരുമാനിക്കുകയായിരുന്നു.

പരിശീലകന്റെയും  നായകന്റെയും തീരുമാനങ്ങളെ കാറ്റില്‍ പറത്തുന്ന പ്രകടനമായിരുന്നു ധവാനില്‍ നിന്നുണ്ടായത്. രണ്ട് ഇന്നിംഗ്‌സുകളിലും ധവാന്‍ പരാജയമായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 10 പന്ത് നേരിട്ട ധവാന് ഒരു റണ്‍സ് മാത്രമാണ് എടുക്കാന്‍ കഴിഞ്ഞത്. പേസ് ബൗളര്‍ ഹെന്‍ട്രിയുടെ പന്തില്‍ കുറ്റി തെറിച്ച് മടങ്ങുകയായിരുന്നു താരം. നിര്‍ണായകമായ രണ്ടാം ഇന്നിംഗ്‌സില്‍ 32 പന്തുകള്‍ നേരിട്ട് 17 റണ്‍സുമായി കൂടാരം കയറുകയായിരുന്നു. ബോള്‍ട്ടിന്റെ പന്തില്‍ വിക്കറ്റിന് കുടുങ്ങിയായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍ പുറത്തായത്.

ഇന്ത്യയുടെ വെസ്‌റ്റ് ഇന്‍ഡീസ് പര്യടനത്തിലും ദുലീപ് ട്രോഫിയിലൊന്നും കാര്യമായ പ്രകടനം കാഴ്ച്ച വെക്കാന്‍ ധവാന്‍ ആയിട്ടില്ല. കഴിഞ്ഞ 10 ഇന്നിംഗ്‌സുകളില്‍ ഒരു അര്‍ധ സെഞ്ചുറി മാത്രം കണ്ടെത്താനാണ് ധവാന് ഇതുവരെ കഴിഞ്ഞത്. 84, 27, 26,1, 29, 29, 1, 17 എന്നിങ്ങനെയാണ് ധവാന്റെ കഴിഞ്ഞ മത്സരങ്ങളിലെ സ്‌കോര്‍.
Next Article