കോഹ്‌ലി ഒന്നുമനസുവച്ചാല്‍ പാകിസ്ഥാന്‍ വീണ്ടും നാണക്കേടിലാകും; ഇത് സംഭവിച്ചേക്കും

Webdunia
ബുധന്‍, 7 സെപ്‌റ്റംബര്‍ 2016 (15:35 IST)
ഐസിസി ഏകദിന റാങ്കിങ്ങില്‍ വെസ്‌റ്റ് ഇന്‍ഡീസിനും പിന്നിലായി ഒമ്പതാം സ്‌ഥാനത്ത് നില്‍ക്കുന്ന പാകിസ്ഥാന്‍ ടെസ്‌റ്റില്‍ ഒന്നാം റാങ്കില്‍ തുടരുന്നത് അപ്രതീക്ഷിതമായുണ്ടായ പോയിന്റെ വ്യതിയാനത്തിലാണ്. ശ്രീലങ്ക ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയതും ഇന്ത്യ വിന്‍ഡീസ് അവസാന ടെസ്‌റ്റ് മഴയില്‍ ഒലിച്ചു പോയതും കൊണ്ടു മാത്രമാണ് പാകിസ്ഥാന് ഈ ഭാഗ്യമുണ്ടായത്.

എന്നാല്‍ റാങ്കിഗില്‍ ഇന്ത്യക്ക് ഒന്നാമത് എത്താനുള്ള സുവര്‍ണ്ണാവസരമാണ് വരുന്നത്. ഈ മാസം അവസാനം ആരംഭിക്കുന്ന ന്യൂസിലാന്‍ഡിനെതിരെയുളള ടെസ്റ്റ് പരമ്പര വിജയിച്ചാല്‍ വിരാട് കോഹ്‌ലിക്കും സംഘത്തിനും ഒന്നാം സ്ഥാനത്ത് എത്താന്‍ സാധിക്കും.  സെപ്തംബര്‍ 22 മുതല്‍ ഒക്ടോബര്‍ 12 വരെയാണ് ഇന്ത്യ ന്യൂസിലന്‍ഡ് പരമ്പര.

ഒരു പോയിന്റുമാത്രമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളത്. പാകിസ്ഥാന് 111 പോയിന്റും ഇന്ത്യക്ക് 110 പോയിന്റുമാണുള്ളത്.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 1 -0 ന് ജയിച്ചാല്‍ ഇന്ത്യക്കും പാകിസ്ഥാനും ഒരേ പോയിന്റാകുമെങ്കിലും ഇന്ത്യയായിരിക്കും ഒന്നാം സ്ഥാനത്ത്. 2- 0 നാണ് ഇന്ത്യ പരമ്പര ജയിക്കുന്നതെങ്കില്‍ ഇന്ത്യക്ക് 113 പോയിന്റാകും. പരമ്പര 3-0 ന് തൂത്തുവാരിയാല്‍ 115 പോയിന്റ് വരെ എത്താന്‍ ഇന്ത്യക്ക് കഴിയും.

ഒക്‍ടോബറിലാണ് പാകിസ്ഥാന് ഇനി ടെസ്‌റ്റ് മത്സരമുള്ളത്. വെസ്‌റ്റ് ഇന്‍ഡീസുമായി നടക്കുന്ന പരമ്പരയില്‍ ജയിച്ചാല്‍ പകിസ്ഥാന് ഒന്നാം റാങ്ക് തിരിച്ചു പിടിക്കാന്‍ സാധിക്കും. ഇന്ത്യ 1- 0 ന് ജയിച്ച് 111 പോയിന്റിലാണ് എത്തുന്നതെങ്കില്‍ പാകിസ്താന് 3- 0 ന് പരമ്പര തൂത്തുവാരി ഒന്നാം റാങ്കിലെത്താം. അതേസമയം ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ പരമ്പര തൂത്തുവാരിയാല്‍ പാകിസ്താന് ഒന്നാം റാങ്കിലെത്താന്‍ തല്‍ക്കാലം പറ്റില്ല.

അര്‍ഹതയില്ലാതെയാണ് പാകിസ്ഥാന് ടെസ്‌റ്റില്‍ ഒന്നാം റാങ്ക് ലഭിച്ചതെന്ന് ക്രിക്കറ്റ് ലോകത്തു നിന്നും സംസാരമുണ്ട്. മുന്‍നിര ടീമുകള്‍ക്ക് അപ്രതീക്ഷിതമായി തിരിച്ചടികള്‍ ഉണ്ടായപ്പോഴാണ് പാകിസ്ഥാന്‍ ഒന്നാം റാങ്കിലെത്തിയത്. ഏകദിന റാങ്കിംഗില്‍ പിന്നിലുള്ള പാകിസ്ഥാന്‍ വിന്‍ഡീസിനോട് തോല്‍ക്കുകയും ഇന്ത്യ കിവികളെ പരാജയപ്പെടുത്തി റാങ്ക് തിരിച്ചു പിടിക്കുകയുമാണെങ്കില്‍ പാക് ക്രിക്കറ്റിന് വീണ്ടും നാണക്കേടാകും.
Next Article