കോഹ്‌ലിയുടെ വജ്രായുധത്തില്‍ ടെയ്‌ലര്‍ക്ക് പിഴച്ചു; രണ്ടാം ടെസ്‌റ്റിലും ന്യൂസിലന്‍ഡിനെ വരിഞ്ഞുമുറുക്കുന്നത് ഇദ്ദേഹമോ ?

Webdunia
തിങ്കള്‍, 3 ഒക്‌ടോബര്‍ 2016 (15:28 IST)
രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ 376 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലന്‍ഡ് തോല്‍‌വിയിലേക്ക്. തുടക്കത്തില്‍ മികച്ച ചെറുത്ത് നില്‍പ്പോടെ ജയപ്രതീക്ഷ നല്‍കിയ കിവികള്‍ ലഞ്ചിന് ശേഷം തകരുകയായിരുന്നു.

61 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 156 റണ്‍സ് എന്ന നിലയിലാണ് ന്യൂസിലന്‍ഡ്.

ഓപ്പണിംഗ് കൂട്ടുകെട്ടില്‍ മാര്‍ട്ടിന്‍ ഗുപ്‌റ്റിലും (24) ലഥാമും പ്രതീക്ഷ നല്‍കിയെങ്കിലും അശ്വിന്റെ പന്തില്‍ ഗുപ്‌റ്റില്‍ പുറത്തായതോടെ ന്യൂസിലന്‍ഡ് പതിവ് ആവര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്നെത്തിയവരെല്ലാം പിടിച്ചു നില്‍ക്കാനാകാതെ പുറത്താകുകയായിരുന്നു. ലഥാം (74), നിക്കോള്‍‌സ് (24), റോസ് ടെയ്‌ലര്‍ (4), സാന്റ്‌നര്‍ (9), വാറ്റ്‌ലിംഗ് (1) എന്നിവര്‍ പ്രതീക്ഷ നല്‍കാതെ കൂടാരം കയറുകയായിരുന്നു.

മൂന്ന് വിക്കറ്റുകള്‍ അശ്വിന് സ്വന്തമാക്കിയപ്പോള്‍ ഒരു വിക്കറ്റ് ജഡേജയ്‌ക്കായിരുന്നു. അശ്വിനെന്ന വജ്രായുധത്തെ ഉപയോഗിച്ചാണ് കോഹ്‌ലി രണ്ടാം ടെസ്‌റ്റിലും ന്യൂസിലന്‍ഡിനെ വരിഞ്ഞുമുറുക്കുന്നത്.

സ്വന്തം മണ്ണില്‍ കഴിഞ്ഞ 12 ടെസ്റ്റില്‍ തോല്‍വിയറിയാതെ മുന്നേറുന്ന ഇന്ത്യക്ക് ഏറെ പ്രധാന്യമുളളതാണ് ഈ മത്സരം. ഈ ടെസ്‌റ്റ് ജയിച്ചാല്‍ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനംകൂടിയാവും. പാകിസ്ഥാനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളാന്‍ ലഭിച്ചിരിക്കുന്ന അവസരം കൂടിയാണിത്. കഴിഞ്ഞ 12 ടെസ്റ്റില്‍ 10 എണ്ണത്തില്‍ ഇന്ത്യ ജയിച്ചു. രണ്ടു ടെസ്റ്റ് സമനിലയിലായി. ഈ സീസണില്‍ 13 ടെസ്റ്റുകളുണ്ട്.
Next Article