ധോണിയുടെ നീക്കങ്ങളേക്കാള്‍ മൂര്‍ച്ചയുള്ളതായിരുന്നു വില്യംസണ്‍ ആസൂത്രണം ചെയ്‌ത് പദ്ധതികള്‍. ഏഷ്യാകപ്പില്‍ ഇന്ത്യ പാകിസ്ഥാനോടും ബംഗ്ലാദേശിനോടും ജയിച്ചുവെങ്കിലും എതിരാളികള്‍ ധോണിപ്പടയെ സമ്മര്‍ദ്ദത്തിലാക്കിയ സാഹചര്യങ്ങള്‍ ഏതെക്കെയെന്ന് ന്യൂസിലന്‍ഡ് കണ്ടെത്തിയിരുന്നു. ഇന്ത്യയില്‍ സ്‌പിന്‍ പിച്ചുകളാകും തങ്ങളെ കാത്തിരിക്കുന്നതെന്ന് അറിമായുരുന്ന കിവികള്‍ സ്‌പിന്‍ വിഭാഗത്തിന് പ്രത്യേക പരിഗണ നല്‍കിയിരുന്നു. രവിചന്ദ്ര അശ്വിനെയും, ജഡേജയേയും, സുരേഷ് റെയ്‌നയേയും അവസാന ഇലവനില്‍ ഉള്‍പ്പെടുത്തുമെന്ന് ഉറപ്പാക്കിയ ന്യൂസിലന്‍ഡും അതേപാത സ്വീകരിക്കുകയായിരുന്നു.
ഇന്ത്യന്‍ പിച്ചുകളുടെ സ്വഭാവം മുന്‍കൂട്ടി മനസിലാക്കിയ എതിരാളികള്‍ ട്രെന്റ് ബോള്‍ട്ടിനെയും ടിം സൌത്തിയേയും, മാര്‍ഷല്‍ മക്‍ലാഹനെയും പുറത്തിരുത്തി പകരം മിച്ചല്‍ സാന്റ്‌നനെയും ഇഷ് സോഥിയേയും ടീമില്‍ ഉള്‍പ്പെടുത്തി ഇന്ത്യന്‍ കണക്കു കൂട്ടലുകള്‍ തെറ്റിക്കുകയായിരുന്നു. നാഥന്‍ മക്കല്ലം കൂടി ചേര്‍ന്നതോടെ 127 എന്ന ചെറിയ ടോട്ടല്‍ പിന്തുടര്‍ന്ന് ജയിക്കാന്‍ യുവരാജ് സിംഗും വിരാട് കോഹ്‌ലിയും അണിനിരക്കുന്ന ഇന്ത്യന്‍ ബാറ്റിംഗ് നിരയ്‌ക്ക് സാധിക്കാതെ വരുകയുമായിരുന്നു.
അശ്വിനും ജഡേജയും ഒപ്പം റെയ്‌നയും വരിഞ്ഞു മുറുക്കിയപ്പോള്‍ തന്നെ ചെറിയ ടോട്ടലില്‍ തങ്ങള്‍ ഒതുങ്ങുമെന്ന് ന്യൂസിലന്‍ഡിന് അറിയാമായിരുന്നു. 126ല്‍ ഒതുങ്ങിയപ്പോഴും ജയമെന്നെ പ്രതീക്ഷ സന്ദര്‍ശകര്‍ക്ക് വാനോളമായിരുന്നു. ആദ്യ ഓവറുകളില്‍ തന്നെ സ്‌പിന്‍ ബോളര്‍മാരെ കൊണ്ടുവരുകയും ഫലപ്രദമായി ഉപയോഗിക്കാനും ഫീല്‍ഡിംഗ് ക്രമീകരിക്കാനും എതിരാളികള്‍ക്കായതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. പിച്ചിലെ മികച്ച ടേണിങ്ങ് മനസിലാക്കാതെ അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് സുരേഷ് റെയ്‌നയടക്കമുള്ള താരങ്ങള്‍ പുറത്തായത്. വേഗത്തില്‍ കളി ജയിക്കാനായി മോശം ഷോട്ടുകള്‍ കളിക്കാന്‍ പോലും പലരും താല്‍പ്പര്യം കാണിച്ചു. രോഹിത് ശര്‍മ്മയും യുവരാജ് സിംഗും അനാവശ്യ തിടുക്കം കാട്ടി പുറത്താകുകയായിരുന്നു. ക്രീസില്‍ പിടിച്ചു നില്‍ക്കാന്‍ മടി കാണിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ പിച്ചിന്റെ സാഹചര്യം മനസിലാക്കി ബോള്‍ ചെയ്യുകയായിരുന്നു ന്യൂസിലന്‍ഡ്.
വിരാട് കോഹ്‌ലിയുടെ വിക്കറ്റ് വീണപ്പോള്‍ തന്നെ പകുതി ജയിച്ച ന്യൂസിലന്‍ഡിന് മഹേന്ദ്ര സിംഗ് ധോണിയെ മാത്രം തുടക്കത്തില്‍ വീഴ്‌ത്താന്‍ സാധിച്ചില്ല എന്നതാണ് ഏകവീഴ്‌ചയായത്. എന്നാല്‍ മറുവശത്തെ വിക്കറ്റുകളെടുത്ത് ഇന്ത്യന്‍ നായകനെ സമ്മര്‍ദ്ദത്തിലാക്കാന്‍ കിവികള്‍ക്കായി എന്നതാണ് അവരുടെ ജയത്തിന് മാറ്റ് കൂട്ടുന്നത്. എതിരാളികളുടെ കരുത്തും കുറവുകളും മനസിലാക്കി ഇങ്ങനെ തുടര്‍ന്നാല്‍ ന്യൂസിലന്‍ഡിന് പ്രതീക്ഷകള്‍ ഏറുമെന്ന് ഉറപ്പാണ്.