അഞ്ഞൂറിന്റെ തിളക്കത്തില്‍ അത്ഭുതങ്ങള്‍ സംഭവിച്ചില്ല - ഇന്ത്യ 291/9

Webdunia
വ്യാഴം, 22 സെപ്‌റ്റംബര്‍ 2016 (18:33 IST)
അഞ്ഞൂറാം ടെസ്റ്റ് മല്‍സരത്തിനിറങ്ങിയ ഇന്ത്യ മികച്ച തുടക്കത്തിനുശേഷം ന്യൂസീലൻഡിനെതിരെ തകര്‍ന്നു. ഒന്നാം ദിവസം കളിനിർത്തുമ്പോൾ ഒന്നാം ഇന്നിംഗ്സിൽ 291/9 എന്ന നിലയിലാണ് അതിഥേയര്‍. കളിനിർത്തുമ്പോൾ രവീന്ദ്ര ജഡേജ (16*) ഉമേഷ് യാദവ് (8*) എന്നിവരാണ് ക്രീസിൽ.

ലോകേഷ് രാഹുലിനെ (32) നഷ്‌ടമായ ഇന്ത്യക്കായി രണ്ടാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തിയ മുരളി വിജയിയും (65) ചേതേശ്വർ പൂജാരയും (62) ഇന്നിഗ്‌സിന് അടിത്തറയിട്ടു. സ്കോർ 154ൽ നിൽക്കെ പൂജാരയെ സാന്റ്നർ മടക്കിയതോടെയാണ് ഇന്ത്യയുടെ പതനം ആരംഭിച്ചത്.

നാലാമനായി ക്രീസിലെത്തിയ നായകന്‍ വിരാട് കോഹ്‌ലിക്കും (9) അധികം ആയുസ് ഉണ്ടായിരുന്നില്ല. സ്‌കോര്‍ 167ല്‍ നില്‍ക്കെയാണ് കോഹ്‌ലി മടങ്ങിയത്. അധികം താമസിക്കാതെ സ്കോർ 185ൽ നിൽക്കെ ഇഷ് സോധിയുടെ പന്തിൽ വിക്കറ്റ് കീപ്പറിന് ക്യാച്ച് നൽകി വിജയും കൂടാരം കയറി. സ്കോർ 209ൽ നിൽക്കെ 18 റൺസുമായി രോഹിത് ശർമയും മടങ്ങിയതോടെ ഇന്ത്യക്ക് അഞ്ചാം വിക്കറ്റും നഷ്ടമായി. ക്രീസില്‍ നിലയുറപ്പിച്ച് വന്‍ ടോട്ടല്‍ സ്വന്തമാക്കേണ്ട നിമിഷമാണ് രോഹിത് അനാവശ്യ ഷോട്ട് കളിച്ച് വിക്കറ്റ് നശിപ്പിച്ചത്.

തുടര്‍ന്ന് ആർ അശ്വിനും (40) രോഹിത് ശർമയും (35) പൊരുതി നോക്കിയെങ്കിലും ന്യൂസിലന്‍ഡ് ബോളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ ഇരുവരും പുറത്താകുകയായിരുന്നു. വൃദ്ധിമാന്‍ സാഹ (0), മുഹമ്മദ് ഷമി (0) എന്നിവര്‍ക്ക് ക്രീസില്‍ നിലയുറപ്പിക്കാന്‍ പോലും സമയം ലഭിച്ചില്ല.

മൂന്ന് വിക്കറ്റ് വീതം നേടിയ മിച്ചൽ സാറ്റ്നറും ട്രന്റ് ബോൾട്ടുമാണ് കിവീസ് നിരയിൽ തിളങ്ങിയത്. സോധിയും മാർക്ക് ക്രയ്ഗും നീൽ വാഗ്നറും ഓരോ വിക്കറ്റ് നേടി. ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 105 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ തുടര്‍ന്ന് തകരുകയായിരുന്നുവെന്നതാണ് അത്ഭുതം. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
Next Article