പാകിസ്ഥാനെ തകര്‍ത്ത് ബ്ലൈന്‍ഡ് ഏഷ്യാകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യക്ക്

തിങ്കള്‍, 25 ജനുവരി 2016 (10:38 IST)
പ്രഥമ ബ്ലൈന്‍ഡ് ഏഷ്യാകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യക്ക്. കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ നിത്യവൈരികളായ പാകിസ്ഥാനെ 45 റണ്‍സിന് തോല്‍പിച്ചാണ് ഇന്ത്യ കിരീടമണിഞ്ഞത്.
സ്കോര്‍: ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 208, പാകിസ്ഥാന്‍ 18.2 ഓവറില്‍ 163 റണ്‍സിന് എല്ലാവരും പുറത്ത്.

2012ല്‍ നടന്ന പ്രഥമ ബ്ലൈന്‍ഡ് ട്വന്‍റി20 ലോകകപ്പിലും 2014 ബ്ലൈന്‍ഡ് ലോകകപ്പിലും പാകിസ്ഥാനെതിരെ തന്നെയായിരുന്നു ഇന്ത്യയുടെ കിരീടനേട്ടം.

ടോസ് നേടി ആദ്യം ബാറ്റിങ്ങ് തെരെഞ്ഞെടുത്ത ഇന്ത്യക്ക് ഓപണര്‍മാരായ വെങ്കിടേഷും (36) ദീപക് മാലിക്കും (40) ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. റണ്ണൊന്നും എടുക്കാതെ പ്രകാശ് ജെറമിയ പുറത്തായെങ്കിലും മധ്യനിരയില്‍ കേതന്‍ പട്ടേലും (34) അനില്‍ ഗരിയയും (25) ശ്രദ്ധയോടെ ബാറ്റ് വീശി.

അവസാന ഓവറുകളില്‍ ക്യാപ്റ്റന്‍ അജയ് റെഡ്ഡിയുടെ തകര്‍പ്പന്‍പ്രകടനം കൂടിയായപ്പോള്‍ ഇന്ത്യ പൊരുതാനുള്ള സ്കോറിലത്തെി. 16 പന്തില്‍ ഒരു ബൗണ്ടറിയും ഒരു സിക്സറുമടക്കം 34 റണ്‍സോടെ അജയ് റെഡ്ഡിയും എട്ട് റണ്‍സുമായി ഇഖ്ബാല്‍ ജാഫറും പുറത്താകാതെ നിന്നു. പാകിസ്ഥാനുവേണ്ടി സജിദ് നവാസും ഹാറൂണ്‍ ഖാനും ഓരോ വിക്കറ്റ് വീതം നേടി.

ഇന്ത്യക്കുവേണ്ടി ദീപക് മാലിക് രണ്ട് വിക്കറ്റും അജയ് റെഡ്ഡി, അനില്‍ ഗരിയ, അമോല്‍ പ്രേംകുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.  ദീപക് മാലിക്കാണ് മാന്‍ ഓഫ് ദി മാച്ച്. വിജയികള്‍ക്ക് എംഎല്‍എമാരായ കെ ബാബു, ബെന്നി ബെഹനാന്‍, ക്രിക്കറ്റ് താരം സയ്യിദ് കിര്‍മാനി എന്നിവര്‍ ട്രോഫിയും കാഷ് പ്രൈസും സമ്മാനിച്ചു.

കിരീടമണിഞ്ഞ ഇന്ത്യന്‍ ടീമിന് മൂന്നുലക്ഷം രൂപയുടേയും റണ്ണേഴ്സ് അപ്പായ പാകിസ്ഥാനു രണ്ടുലക്ഷം രൂപയുടേയും ചെക്ക് കൈമാറി. കൊച്ചിന്‍ ഷിപ്‌യാര്‍ഡ് ഇന്ത്യന്‍ ടീമിലെ അംഗങ്ങള്‍ക്ക് 10,000 രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക