ടോസ് ശാപത്തിന് അറുതി, ദ്രാവിഡ് കോച്ചായതിന് ശേഷം എട്ടിൽ എട്ട് കളികളിലും ടോസ് ഇന്ത്യയ്ക്ക്!

ചൊവ്വ, 11 ജനുവരി 2022 (16:46 IST)
ഇന്ത്യൻ നായകൻ വിരാട് കോലി ടോസിന്റെ കാര്യത്തിൽ ഏറ്റവും നിർഭാഗ്യവാനായാണ് വിശേഷിപ്പിക്കപ്പെടുന്നത്. അപൂർവമായി മാത്രമെ കോലിക്ക് ടോസ് ലഭിക്കാറുള്ളു. ഇക്കാര്യങ്ങൾ കൊണ്ട് തന്നെ കോലിക്ക് പകരം മറ്റാരെയെങ്കിലും ടോസിനായി പറഞ്ഞുവിടണമെന്ന് ആരാധകർ തമാശരൂപേണ അഭിപ്രായപ്പെടാറുണ്ട്.
 
യുഎഇ‌യിലേ ലോകകപ്പിലടക്കം പല നിർണായക അവസരങ്ങളിലും ഈ ടോസ് ശാപം ഇന്ത്യയെ മോശമായി ബാധിച്ചിട്ടുണ്ട്. എന്നാലിപ്പോൾ രാഹുൽ ദ്രാവിഡ് പരിശീലകസ്ഥാനമേറ്റതിന് പിന്നാലെ കളിച്ച ഒരു മല്‍സരത്തില്‍പ്പോലും ഇന്ത്യക്കു ടോസ് നഷ്ടമായിട്ടില്ലെന്നതാണ് കൗതുകകരമായ കാര്യം. വിവിധ ഫോര്‍മാറ്റുകളിലായി ഇതുവരെ നടന്ന എട്ടു മല്‍സരങ്ങളിലും ടോസ് ഇന്ത്യക്കായിരുന്നു.
 
രോഹിത് ശര്‍മ സ്ഥിരം ക്യാപ്റ്റനായ ശേഷമുള്ള ന്യൂസിലൻഡിനെതിരെ നടന്ന ടി20 പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും ടോസ് രോഹിത്തിനായിരുന്നു. പിന്നീട് രണ്ട് ടെസ്റ്റുകളാണ് ഇന്ത്യ കിവികൾക്കെതിരെ കളിച്ചത്. ആദ്യ ടെസ്റ്റിൽ രഹാനെയും രണ്ടാം ടെസ്റ്റിൽ കോലിയുമായിരുന്നു നായകന്മാർ. രണ്ട് കളികളിലും ടോസ് ഇന്ത്യയ്ക്ക് തന്നെ.
 
പിന്നീട് സൗത്താഫ്രിക്കയിൽ നടന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ കോലിക്കും രണ്ടാം മത്സരത്തിൽ രാഹുലിനും ഇതേ ടോസ് ഭാഗ്യം ലഭിച്ചു. ഒടുവിൽ ഇതാ കേപ്ടൗണില്‍ ആരംഭിച്ച മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ കോലി നായകസ്ഥാനത്തേക്കു മടങ്ങിയെത്തിയപ്പോഴും ടോസ് ഇന്ത്യക്കു തന്നെ ലഭിച്ചിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍