അഡ്‌ലെയ്ഡിലെ ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനു മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. ഓസ്‌ട്രേലിയ പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യം ബാറ്റു ചെയ്ത പ്രൈം മിനിസ്റ്റേഴ്‌സ് ഇലവന്‍ ഉയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് 42.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യയെത്തി.
പരുക്കില്‍ നിന്ന് മുക്തനായി കളത്തിലിറങ്ങിയ ശുഭ്മാന്‍ ഗില്‍ ഇന്ത്യക്കായി അര്‍ധ സെഞ്ചുറി നേടി. 62 പന്തില്‍ ഏഴ് ഫോറുകള്‍ ഉള്‍പ്പെടെ 50 റണ്‍സ് നേടിയ ഗില്‍ റിട്ടയേര്‍ഡ് ഹര്‍ട്ട് ആകുകയായിരുന്നു. ഓപ്പണര്‍മാരായി ബാറ്റ് ചെയ്യാനെത്തിയ യശസ്വി ജയ്‌സ്വാള്‍ (59 പന്തില്‍ 45), കെ.എല്‍.രാഹുല്‍ (44 പന്തില്‍ 27, റിട്ട.ഹര്‍ട്ട്) എന്നിവര്‍ മികച്ച തുടക്കമാണ് ഇന്ത്യക്കു നല്‍കിയത്. നിതീഷ് കുമാര്‍ റെഡ്ഡി (32 പന്തില്‍ 42), വാഷിങ്ടണ്‍ സുന്ദര്‍ (36 പന്തില്‍ പുറത്താകാതെ 42), രവീന്ദ്ര ജഡേജ (31 പന്തില്‍ 27) എന്നിവരും തിളങ്ങി.
കെ.എല്‍.രാഹുലിനു വേണ്ടി ഓപ്പണിങ് സ്ഥാനം ത്യാഗം ചെയ്ത നായകന്‍ രോഹിത് ശര്‍മ നാലാമനായാണ് ക്രീസിലെത്തിയത്. 11 പന്തില്‍ മൂന്ന് റണ്‍സെടുത്ത് പുറത്തായ രോഹിത് പൂര്‍ണമായി നിരാശപ്പെടുത്തി. വിരാട് കോലി, റിഷഭ് പന്ത് എന്നിവര്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയില്ല.
ആറ് ഓവറില്‍ 44 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷിത് റാണയാണ് ബൗളിങ്ങില്‍ ഇന്ത്യക്കായി തിളങ്ങിയത്. ആകാശ് ദീപ് രണ്ട് വിക്കറ്റും മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ, വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ഡിസംബര്‍ ആറ് മുതലാണ് ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റ്. അഡ്‌ലെയ്ഡ് ആതിഥേയത്വം വഹിക്കുന്ന ടെസ്റ്റ് മത്സരം പിങ്ക് ബോളില്‍ ഡേ-നൈറ്റ് ആയാണ്.