വീണ്ടും കൊമ്പുകോർക്കാൻ ഇന്ത്യയും പാകിസ്ഥാനും: സൂപ്പർ ഫോറിൽ ഇന്ന് തീ പാറുന്ന പോരാട്ടം

ഞായര്‍, 4 സെപ്‌റ്റംബര്‍ 2022 (08:34 IST)
ഏഷ്യ കപ്പ് സൂപ്പർ ഫോറിൽ ഇന്ന് ഇന്ത്യ-പാകിസ്ഥാൻ സൂപ്പർ പോരാട്ടം. ദുബായിൽ വൈകീട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് ഇന്ത്യ തോൽപ്പിച്ചിരുന്നു. കഴിഞ്ഞ മത്സരത്തിൽ കളിച്ച രവീന്ദ്ര ജഡേജ ഇന്നത്തെ മത്സരത്തിൽ കളിക്കില്ല.
 
ലോകകപ്പ് സെമിയിലേറ്റ തോൽവിക്ക് പകരം വീട്ടാനായതിൻ്റെ ആത്മവിശ്വാസത്തിലാണ് രോഹിത്തിൻ്റെ ടീം ഇന്ന് പാകിസ്ഥാനെതിരെ ഇറങ്ങുക. കഴിഞ്ഞമത്സരത്തിൽ നിർണായക പ്രകടനം കാഴ്ചവെച്ച രവീന്ദ്ര ജഡേജയുടെ അഭാവം ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. ഹാർദ്ദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ് എന്നിവരുടെ മികച്ചഫോമും ഫോമിലേക്കുള്ള തിരിച്ചുവരവ് സൂചിപ്പിച്ച കോലിയുടെ പ്രകടനവും ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകുന്നു.
 
കെ എൽ രാഹുലിൻ്റെ മെല്ലെപ്പോക്കും ജഡേജയുടെ പരിക്കുമാണ് ഇന്ത്യയെ വലയ്ക്കുന്നത്. ടീമിൽ  ഇടം കയ്യൻ ബാറ്ററുടെ കുറവ് പരിഗണിച്ച് റിഷഭ് പന്ത് ഇന്നത്തെ മത്സരത്തിൽ കളിക്കാൻ സാധ്യതയേറെയാണ്. അതേസമയം പാകിസ്ഥാൻ നിരയിൽ നിന്നും പരിക്കേറ്റ യുവപേസർ ഷാനവാസ് ദഹാനി പുറത്തായി. ബാബർ അസം,മുഹമ്മദ് റിസ്‌വാൻ,ഫഖർ സമാൻ എന്നീ മുൻനിരക്കാരിലാണ് പാക് പ്രതീക്ഷ. നസീം ഷായുടെ ഓപ്പണിങ് സ്പെല്ലും മത്സരത്തിൽ നിർണായകമാകും.
 
അവസാനം ഏഷ്യാകപ്പിൽ ഏറ്റുമുട്ടിയ നാല് കളികളിലും ഇന്ത്യയ്ക്കായിരുന്നു വിജയം. നാല് തവണയും റൺസ് പിന്തുടർന്നാണ് ഇന്ത്യ വിജയിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍