അരങ്ങേറ്റ ടെസ്റ്റിൽ 7 വിക്കറ്റുമായി അബ്രാർ അഹ്മദ്, ഇംഗ്ലണ്ടിൻ്റെ ബാസ് ബോളിൻ്റെ കാറ്റൂതി പാകിസ്ഥാൻ

Webdunia
വെള്ളി, 9 ഡിസം‌ബര്‍ 2022 (15:05 IST)
കാലങ്ങളായി പേസ് ഫാക്ടറി എന്ന് വിളിപ്പേരുള്ള രാജ്യമാണ് പാകിസ്ഥാൻ. വഖാർ യൂനിസ്, വസീം അക്രം മുഹമ്മദ് ആസിഫ്,മുഹമ്മദ് ആമിർ എന്നിവരിൽ നിന്ന് തുടങ്ങി യുവരക്തങ്ങളായ നസീം ഷായിലും ഷഹീൻ അഫ്രീദിയിലും എത്തിനിൽക്കുന്നു പാക് പേസ് കരുത്ത്.
 
എന്നാൽ ഇതേസമയം അബ്ദുൾ ഖാദിർ, മുഷ്താഖ് അഹമ്മദ്, സഖ്ലെയിൻ മുഷ്താഖ്, സയ്യീദ് അജ്മൽ എന്നീ സ്പിന്നർമാർക്ക് കൂടി ജന്മം നൽകിയ നാടാണ് പാകിസ്ഥാൻ. തങ്ങളുടെ സ്പിൻ പാരമ്പര്യത്തിന് മങ്ങലേറ്റിലെന്ന് പാകിസ്ഥാൻ പ്രഖ്യാപിക്കുന്ന കാഴ്ചയാണ് മുൾട്ടാനിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ കാണാനായത്.
 
ടെസ്റ്റ് ക്രിക്കറ്റിനെ തന്നെ മാറ്റിമറിക്കുന്ന ബാസ്ബോൾ ശൈലിയിൽ മുന്നേറുന്ന ഇംഗ്ലണ്ട് പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിൽ മികച്ച വിജയമാണ് സ്വന്തമാക്കിയത്. സമാനമായി രണ്ടാം ടെസ്റ്റിലും പ്രകടനം നടത്താനായി തയ്യാറെടുത്ത ഇംഗ്ലണ്ടിനെ സ്പിൻ കെണിയൊരുക്കിയാണ് പാകിസ്ഥാൻ വീഴ്ത്തിയത്. അതിന് മുന്നിൽ നിന്നതാകട്ടെ തൻ്റെ ആദ്യ ടെസ്റ്റ് മത്സരം കളിക്കുന്ന അബ്രാർ അഹ്മദ് എന്ന 24 കാരൻ.
 
ഇംഗ്ലണ്ട് ബാറ്റർമാർക്ക് നിലയുറപ്പിക്കാൻ അവസരം നൽകാതിരുന്ന അബ്രാർ സാക് ക്രൗളി, ബെൻ ഡക്കറ്റ്,ജോ റൂട്ട്,ബെൻ സ്റ്റോക്സ്, തുടങ്ങി ഇംഗ്ലണ്ടിൻ്റെ 7 മുൻനിര താരങ്ങളെയാണ് മടക്കിയത്. 231 റൺസിന് 7 എന്ന നിലയിൽ ഇംഗ്ലണ്ട് നിൽക്കുമ്പോൾ ഇംഗ്ലണ്ടിൻ്റെ ഏഴ് വിക്കറ്റും വീഴ്ത്തിയത് പുതിയ സ്പിൻ മാന്ത്രികനായിരുന്നു. ഒടുവിൽ വിവരം കിട്ടുമ്പോൾ 49 ഓവറിൽ 251ന് 9 എന്ന നിലയിലാണ് ഇംഗ്ലണ്ട്. സാഹിദ് മഹ്മൂദാണ് 2 വിക്കറ്റുകൾ വീഴ്ത്തിയത്. ഇംഗ്ലണ്ടിനായി ഒലിപോപ്പ് ബെൻ ഡെക്കറ്റ് എന്നിവർ അർധസെഞ്ചുറി നേടി.
 

അനുബന്ധ വാര്‍ത്തകള്‍

Next Article