വിരാട് കോഹ്‌ലിയുടെ ഇന്ത്യന്‍ പടയെ നേരിടാനെത്തുന്ന ഓസ്‌ട്രേലിയന്‍ ടീമിന് ശക്തമായ മുന്നറിയിപ്പ് നല്‍കി മുന്‍ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്‌സണ്‍. സ്‌പിന്നിനെ നേരിടാന്‍ സാധിക്കില്ലെങ്കില്‍ ഉടന്‍ തന്നെ പഠിക്കണം, അല്ലെങ്കില്‍ ഇന്ത്യന്‍ പര്യടനം ഓസ്‌ട്രേലിയ ഒഴിവാക്കുന്നതാകും നല്ലതെന്നും കെപി വ്യക്തമാക്കി.
സ്‌പിന്നിനെതിരെ കളിക്കാന്‍ ഇത്തരം പിച്ചുകളുടെ ആവശ്യമില്ല. ഏത് പിച്ചിലും സ്‌പിന്‍ ബോളിംഗിനെ നേരിടാനുള്ള പരിശീലനം നടത്താം. ലൈനും ലെഗ്‌ത്തും മനസിലാക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഇന്ത്യന്‍ ബോളര്‍മാര്‍ക്കെതിരെ ഒരിക്കലും ഫ്രണ്ട് ഫൂട്ടില്‍ കളിക്കരുത്. റണ്‍ കണ്ടെത്താന്‍ സാധിക്കുന്ന പന്തുകള്‍ ലഭിക്കുന്നതുവരെ കാത്തിരിക്കുന്നതാകും ഉചിതമെന്നും ഓസീസ് ടീമിന് പീറ്റേഴ്‌സണ്‍ മുന്നറിയിപ്പ് നല്‍കി.
ഫെബ്രുവരി 23നാണ് നാലു മത്സരങ്ങളുടെ ഇന്ത്യ- ഓസ്ട്രേലിയ ടെസ്‌റ്റ് പരമ്പര ആരംഭിക്കുക. ഏഷ്യന്‍ സാഹചര്യങ്ങളില്‍ ടെസ്റ്റില്‍ 40ലധികം ശരാശരിയുള്ളത് നിലവില്‍ ടീമിലെ രണ്ട് താരങ്ങള്‍ക്ക് മാത്രമാണ്. ശ്രീലങ്കക്കെതിരെ അടുത്തിടെ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഓസീസ് ടീം 0-3ത്തിന് തോറ്റിരുന്നു.