അക്രം പറഞ്ഞ പോലെ സംഭവിച്ചാല്‍ കോഹ്‌ലി വീഴും, പിന്നാലെ ടീം തകരും; ആശങ്കയുടെ കാര്‍മേഘം ഇന്ത്യന്‍ ക്യാമ്പില്‍

Webdunia
ചൊവ്വ, 27 നവം‌ബര്‍ 2018 (17:33 IST)
ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ മുഴവന്‍ കങ്കാരുക്കളുടെ നാട്ടിലേക്ക് തിരിയുകയാണ്. ഡിസംബര്‍ ആറിന് അഡ്‌ലെയ്‌ഡില്‍ ആരംഭിക്കുന്ന ഇന്ത്യ - ഓസ്‌ട്രേലിയ ടെസ്‌റ്റ് പരമ്പരയാണ് ആവേശം വിതറുന്നത്.

ദക്ഷിണാഫ്രിക്കയോടും പാകിസ്ഥാനോടും പരാജയം രുചിച്ച ഓസ്‌ട്രേലിയ പഴയ ശക്തികളല്ല. എന്നാല്‍, കരുത്തിനു യാതൊരു കുറവുമില്ലാത്തവരുടെ കൂട്ടായ്‌മയാണ് വിരാട് കോഹ്‌ലിയുടെ സംഘം. വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ടെസ്‌റ്റ് പരമ്പരയില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം.

പന്ത് ചുരുണ്ടല്‍ വിവാദത്തില്‍ അകപ്പെട്ട സ്‌റ്റീവ് സ്‌മിത്തും ഡേവിഡ് വാര്‍ണറുമില്ലാതെ ഇറങ്ങുന്ന ഓസീസും  ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ്. അതിനുള്ള കാരണങ്ങള്‍ നിരവധിയാണ്. പേസും ബൌണ്‍സും ഒളിഞ്ഞിരിക്കുന്ന പിച്ചില്‍ ഇന്ത്യ ചീട്ട് കൊട്ടാരം പോലെ തകര്‍ന്നടിയുമെന്ന വിശ്വാസമാണ് അതിഥേയര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നത്.  

അഡ്‌ലെയ്ഡ്, പെര്‍ത്ത്, മെല്‍‌ബണ്‍, സിഡ്‌നി എന്നിവടങ്ങളിലാണ് ടെസ്‌റ്റ് മത്സരങ്ങള്‍. നാലും പേസിനും ബൌണ്‍സിനും പേരുകേട്ട നിലം. ഇതാണ് ഓസീസിന് ആശ്വസിപ്പിക്കുന്നത്. ഈ പിച്ചുകളുടെ സ്വഭാവം നിര്‍ണയിച്ച് പാകിസ്ഥാന്‍ പേസ് ഇതിഹാസം വസീം അക്രം രംഗത്തുവന്നത് ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്.

ഈ പിച്ചുകള്‍ ഇന്ത്യ വെള്ളം കുടിക്കുമെന്നാണ് അക്രം പറഞ്ഞിരിക്കുന്നത്. അഡ്‌ലെ‌യ്ഡിലും മെല്‍ബണിലും
ബൗണ്‍സ് അധികമുള്ള പിച്ചുകളല്ല. ബ്രിസ്‌ബേനില്‍ ചെറിയ ബൗണ്‍സുള്ളപ്പോള്‍ പുതിയ സ്‌റ്റേഡിയമായ പെര്‍ത്തില്‍ എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം. ഈ സാഹചര്യം ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് തിരിച്ചടി സമ്മാനിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

സ്വന്തം നാട്ടില്‍ കളിക്കുന്ന ഓസീസിന് പിച്ചിന്റെ സ്വഭാവം വ്യക്തമായി അറിയാം. 20 മുതല്‍ 25 വരെ ഓവറുകള്‍ വരെ ഇന്ത്യന്‍ ബോളര്‍മാരെ പ്രതിരോധിച്ചാല്‍ കാര്യങ്ങള്‍ അനുകൂലമാകുമെന്ന് അവര്‍ക്കറിയാം. ഇത് മുഹമ്മദ് ഷാമിക്കും ഭുവനേശ്വര്‍ കുമാറിനും തിരിച്ചടിയാണ്.

ഇന്ത്യന്‍ നിരയിലെക്ക് നോക്കുന്ന ഓസീസ് ഭയക്കുന്നത് കോഹ്‌ലിയെ മാത്രമാണ്. 2014ല്‍ നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ 2-1ന് ഇന്ത്യ പരാജയപ്പെട്ടുവെങ്കിലും ആജയ്യനായി കോഹ്‌ലിയുണ്ടായിരുന്നു. 86.50 ശരാശരിയില്‍ 694 റണ്‍സ് അടിച്ചു കൂട്ടിയ കോഹ്‌ലി ആ പ്രകടനം ഇത്തവണയും ആവര്‍ത്തിക്കുമെന്ന ഉറച്ച ധാരണ ഓസീസിനുണ്ട്.

ഓസീസ് പര്യടനത്തില്‍ ഏറ്റവും അപകടകാരിയാകുന്ന താരം കോഹ്‌ലി ആയിരിക്കുമെന്ന് സ്‌റ്റീവ് വോ വ്യക്തമാക്കിയതിനു പിന്നാലെ വിരാട് മികച്ച പ്രകടനം പുറത്തെടുക്കുമെന്നതില്‍ സംശയമില്ലെന്ന് ആദം ഗില്‍‌ക്രിസ്‌റ്റും പറഞ്ഞിരുന്നു.

ഈ സാഹചര്യത്തില്‍ കോഹ്‌ലിയെ മാത്രം ലക്ഷ്യം വെച്ചുള്ളതായിരിക്കും ഓസീസിന്റെ തന്ത്രങ്ങള്‍. മുരളി വിജയ്, ചേതേശ്വര്‍ പുജാര, അജിങ്ക്യാ രഹാനെ, റിഷഭ് പന്ത്, ശിഖര്‍ ധവാന്‍ എന്നിവരെ പേസ് അക്രമണത്തിലൂടെ കൂടാരം കയറ്റാമെന്ന വിശ്വാസമാണ് അവര്‍ക്കുള്ളത്. കോഹ്‌ലി ഒഴികെയുള്ളവര്‍ ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും പരാജയപ്പെട്ടതും ശ്രദ്ധേയമാണ്.

കോഹ്‌ലിയെ വരുതിക്ക് നിര്‍ത്താന്‍ സ്‌മിത്തിനെയും വാര്‍ണറെയും ഓസീസ് മാനേജ്‌മെന്റ് സമീപിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കോഹ്‌ലിക്കൊപ്പം ബാറ്റിംഗ് മികവുള്ള സ്‌മിത്തിന് നെറ്റ്‌സില്‍ പന്തെറിഞ്ഞു നല്‍കിയാല്‍ ഫോമിലെത്താമെന്നും അതിനൊപ്പം ഇന്ത്യന്‍ ക്യാപ്‌റ്റനെ വീഴ്‌ത്താന്‍ ഈ പരിശീലനത്തിലൂടെ സാധിക്കുമെന്നും ഓസീസ് ബോളര്‍മാര്‍ വിശ്വസിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article