ഹിറ്റ്‌മാന് ടീം ഇന്ത്യയില്‍ രക്ഷയില്ല; രോഹിത്തിന് പകരം യുവതാരം ?; നിര്‍ദേശവുമായി ഗവാസ്‌കര്‍

Webdunia
ചൊവ്വ, 27 നവം‌ബര്‍ 2018 (15:18 IST)
ഓസ്‌ട്രേലിയക്കെതിരായ ടെസ്‌റ്റ് മത്സരങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഇന്ത്യയുടെ പ്ലെയിംഗ് ഇലവനെ സംബന്ധിച്ചുള്ള ചര്‍ച്ചകളും പൊടിപൊടിക്കുന്നു.

ആരാധകരുടെ പ്രിയതാരം രോഹിത് ശര്‍മ്മയ്‌ക്ക് പകരം ഹനുമാ വിഹാരിക്ക് ആദ്യ ഇലവനില്‍ അവസരം നല്‍കണമെന്ന് ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍ വ്യക്തമാക്കി. ബാറ്റിംഗിലും ബോളിംഗിലും മികച്ച പ്രകടനം നടത്താന്‍ ശേഷിയുള്ള വിഹാരി ടീമിന് നേട്ടമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പൃഥ്വി ഷായെയും മുരളി വിജയിയെയും ഓപ്പണര്‍മാരാക്കണമെന്നും ഗവാസ്‌കര്‍ പറഞ്ഞു. ഇരുവരും ക്രീസില്‍ ഒരുമിക്കുമ്പോള്‍ ഇന്ത്യക്ക് മികച്ച തുടക്കവും താളവും ലഭിക്കും. ഷാ ബാറ്റ് ചെയ്യുന്നത് വിരേന്ദ്രര്‍ സെവാഗിനെ പോലെയാണെന്നതാ‍ണ് ഇന്ത്യക്ക് നേട്ടമാകുക. പരിചയസമ്പത്താണ് മുരളി വിജയുടെ കരുത്തെന്നും മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു.

ഇംഗ്ലണ്ടില്‍ പരാജയപ്പെട്ടുവെങ്കിലും വിദേശത്ത് മികച്ച പ്രകടനം നടത്തുന്ന താരമാണ് മുരളി വിജയ്. ഏതൊരു താരത്തിനും ഇത്തരത്തിലുള്ള തിരിച്ചടികള്‍ നേരിടേണ്ടിവരുമെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

ടെസ്‌റ്റ് മത്സരങ്ങളില്‍ നിന്നും രോഹിത്തിനെ ഒഴിവാക്കുന്ന സെലക്‍ടര്‍മാരുടെ രീതിക്കെതിരെ ആരാധകരില്‍ അമര്‍ഷമുണ്ട്. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ‘ഹിറ്റ്‌മാനെ’ ഉള്‍പ്പെടുത്തണമെന്നാണ് സൗരവ് ഗാംഗുലി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഓസീസിനെതിരായ ടെസ്‌റ്റ് പരമ്പരയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ രോഹിത്തിനെ കളിപ്പിക്കണമെന്നും ആ‍റാം നമ്പരില്‍  ഇറക്കാവുന്ന മികച്ച താരമാണ് അദ്ദേഹമെന്നും ഗാംഗുലി പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article