ഐസിസി ടെസ്റ്റ് ബാറ്റിങ് റാങ്കിങിൽ നില മെച്ചപ്പെടുത്തി വിരാട് കോലി. ദക്ഷിണാഫ്രിക്കക്കെതിരായ കേപ്ടൗണ്‍ ടെസ്റ്റിലെ അര്‍ധസെഞ്ചുറിയോടെ രണ്ട് സ്ഥാനങ്ങള്‍ കയറി കോലി ഏഴാം സ്ഥാനത്തെത്തി. കേപ്ടൗണ്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ 79 റണ്‍സടിച്ച കോലി രണ്ടാം ഇന്നിംഗ്സിൽ 29 റൺസെടുത്തിരുന്നു.
ഓസീസിന്റെ മാർനസ് ലബുഷെയ്നാണ് പട്ടികയിൽ ഒന്നാമത്. പരിക്ക് മൂലം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായ രോഹിത് ശർമ ഒരു സ്ഥാനം നഷ്ടപ്പെടുത്തി ആറാം സ്ഥാനത്താണ്.ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡാണ് രോഹിത്തിനെ പിന്തള്ളി അഞ്ചാം സ്ഥാനത്തെത്തിയത്.
ആഷസില്‍ നിറം മങ്ങിയ സ്റ്റീവ് സ്മിത്ത് നാലാ സ്ഥാനത്തേക്ക് ഇറങ്ങിയപ്പോള്‍ ഇംഗ്ലണ്ട് നായകന് ജോ റൂട്ട് രണ്ടാമതും ന്യൂസിലന്‍ഡ് നായകന് കെയ്ന്‍ വില്യംസണ് മൂന്നാമതുമാണ്. അതേസമയം ബൗളർമാരുടെ റാങ്കിങ്ങിൽ മൂന്ന് സ്ഥാനങ്ങള്‍ കയറിയ ജസ്പ്രീത് ബുമ്ര പത്താം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ 12 വിക്കറ്റ് വീഴ്ത്തിയതാണ് ബുമ്രയെ ആദ്യ പത്തിൽ തിരിച്ചെത്താൻ സഹായിച്ചത്.
ഇന്ത്യയ്ക്കെതിരെ 20 വിക്കറ്റുകളുമായി തിളങ്ങിയ ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാഡ റാങ്കിങിൽ രണ്ട് സ്ഥാനങ്ങള്‍ കയറി മൂന്നാം സഥാനത്തെത്തി. ബൗളിംഗ് റാങ്കിംഗില്‍ ഓസ്ട്രേലിയയുടെ പാറ്റ് കമിന്‍സ് ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ ഇന്ത്യയുടെ ആര് അശ്വിന് രണ്ടാം സ്ഥാനത്താണ്. ഓള് റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ അശ്വിന് രണ്ടാമതും ജഡേജ മൂന്നാമതുമുണ്ട്. ടീം റാങ്കിംഗില്‍ ഇന്ത്യ തന്നെയാണ് ഒന്നാം സ്ഥാനത്ത്.