ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീം കൊള്ളാം, പക്ഷേ ആ ‘പരാജയതാരം’ സ്‌ക്വാഡിലുള്ളത് തിരിച്ചടിയുണ്ടാക്കുമോ ? - കോഹ്‌ലിക്ക് ആശങ്കപ്പെടേണ്ടിവരും
തിങ്കള്‍, 8 മെയ് 2017 (14:02 IST)
ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ഡൽഹിയിൽ ചേർന്ന സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ തിരഞ്ഞെടുത്തത്. ശ്രദ്ധേയമായ മാറ്റങ്ങളൊന്നുമില്ലാത്ത ടീമിനെയാണ് തെരഞ്ഞെടുത്തതെങ്കിലും തുടര്‍ച്ചയായി പരാജയപ്പെടുന്ന ശിഖർ ധവാനെ ടീമില്‍ ഉള്‍പ്പെടുത്തിയതാണ് ആശ്ചര്യപ്പെടുത്തുന്നത്.
മോശം ബാറ്റിംഗിന്റെ പേരില്‍ ടീമില്‍ നിന്ന് ധവാന മാറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു. ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന യുവതാരങ്ങളെ പരിഗണിക്കാതെയാണ് പരാജയതാരമെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ധവാനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.
വിരാട് കോഹ്‌ലി നയിക്കുന്ന 15 അംഗ ടീമിലേക്ക് ഓപ്പണർ രോഹിത് ശർമ, ആർ അശ്വിന്‍, മുഹമ്മദ് ഷമി എന്നിവര്‍ തിരിച്ചെത്തി. വെറ്ററൻ താരം യുവരാജ് സിംഗ് ടീമിൽ സ്ഥാനം നിലനിർത്തിയപ്പോൾ, സുരേഷ് റെയ്ന പകരക്കാരുടെ നിരയിലാണ്. ഐപിഎല്ലിൽ മികച്ച ഫോമിലുള്ള മനീഷ് പാണ്ഡെയും ടീമിലുണ്ട്.
ഐപിഎല്ലിലെ മിന്നും പ്രകടനക്കാരായ റോബിൻ ഉത്തപ്പ, ഗൗതം ഗംഭീർ, സുരേഷ് റെയ്ന, സന്ദീപ് ശർമ എന്നിവരെയൊന്നും ടീമിലേക്ക് പരിഗണിച്ചില്ല. ജൂണ്‍ ഒന്നിന് ഇംഗ്ലണ്ടിലാണ് ചാമ്പ്യൻസ് ട്രോഫി തുടങ്ങുന്നത്. ബർമിംഗ്ഹാമിൽ ജൂണ്‍ നാലിന് പാകിസ്ഥാനെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം.