നെറ്റ്‌സിൽ മിക്ക ബൗളിലും ക്ലീൻ ബൗൾഡ് ആയിരുന്നു, അവന്റെ പ്രകടനത്തിൽ ഏറ്റവും ഞെട്ടിയത് ഞാൻ

വ്യാഴം, 7 ഏപ്രില്‍ 2022 (14:19 IST)
സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസർമാരിൽ ഒരാളായി വിലയിരുത്തപ്പെടുന്ന താരമാണ് ഓസീസിന്റെ പാറ്റ് കമ്മിൻസ്. ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം നമ്പർ താരം പക്ഷേ ടി20യിലേക്കെത്തുമ്പോൾ ബൗളർമാരെ ബൗണ്ടറിക്ക് മുകളിലൂടെ തുടർച്ചയായി പറപ്പിക്കുന്ന അവതാരമാണ്.
 
ഐപിഎൽ പുതിയ സീസണിലെ കന്നി മത്സരത്തിൽ ബൗളിങിൽ കാര്യമായൊന്നും ചെയ്യാനാകാതിരുന്ന കമ്മിൻസ് 14 പന്തിൽ അർധസെഞ്ചുറിയോടെയാണ് തന്റെ കണക്ക് തീർത്തത്. മുംബൈയിൽ നിന്നും മത്സരം പിടിച്ചുവാങ്ങിയ കമ്മിൻസിന്റെ തകർപ്പൻ പ്രകടനത്തെ പറ്റി പ്രതികരിച്ചിരിക്കുകയാണ് കൊൽക്കത്ത നായകനായ ശ്രേയസ് അയ്യർ.
 
ഈ ഇന്നിങ്‌സുകൊണ്ട് ഏറ്റവും അത്ഭുതപ്പെട്ട ആൾ ഞാനായിരിക്കും. പാറ്റ് കമ്മിൻസിൽ നിന്ന് ഇത്തരമൊരു പ്രകടനം പ്രതീക്ഷിച്ചിരുന്നില്ല. നെറ്റ്‌സിൽ പരിശീലനം നടത്തുമ്പോൾ മിക്ക പന്തുകളിലും കമ്മിൻസ് ക്ലീൻ ബൗൾഡ് ആയിരുന്നു.ശ്രേയസ് പറഞ്ഞു. 
 
മത്സരത്തിൽ ഏഴാമനായി ക്രീസിലെത്തിയ കമ്മിൻസ് സാക്ഷാൽ ജസ്‌പ്രീത് ബു‌മ്രയെ ഫോറും സിക്‌സും പറത്തിയാണ് വരവറിയിച്ചത്. ഡാനിയൽ സാംസിന്റെ ഓവറിൽ സംഹാര രൂപം പൂണ്ട കമ്മിൻസ് ആ ഓവറിൽ മാത്രം നാല് സിക്‌സറും രണ്ട് ഫോറും ഉൾപ്പടെ നേടിയത് 35 റൺസ്.സാംസിന്‍റെ അവസാന പന്ത് ഗാലറിയിലെത്തിച്ച് കൊല്‍ക്കത്തയ്‌ക്ക് അഞ്ച് വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന ജയവും കമ്മിൻസിന്റെ പ്രകടനം സമ്മാനിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍