Shikhar Dhawan: 'മകനോട് സംസാരിച്ചിട്ട് അഞ്ച് മാസമായി, എനിക്ക് അവനെയൊന്ന് കെട്ടിപ്പിടിക്കണം'; വിഷമം പങ്കുവെച്ച് ശിഖര്‍ ധവാന്‍

രേണുക വേണു
ബുധന്‍, 31 ജനുവരി 2024 (09:21 IST)
Shikhar Dhawan: മകനെ കാണാത്തതില്‍ മാനസികമായി തകര്‍ന്നിരിക്കുകയാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റര്‍ ശിഖര്‍ ധവാന്‍. കഴിഞ്ഞ ആറ് മാസത്തോളമായി മകന്‍ സൊറാവറിനെ താന്‍ കണ്ടിട്ടില്ലെന്നും അവനെ കെട്ടിപ്പിടിക്കാന്‍ തനിക്ക് തോന്നുന്നുണ്ടെന്നും ധവാന്‍ പറഞ്ഞു. ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ധവാന്‍ തന്റെ വേദന പങ്കുവെച്ചത്. വിവാഹമോചനത്തിനു ശേഷം ഭാര്യ അയേഷ മുഖര്‍ജിക്കൊപ്പമാണ് സൊറാവര്‍. 
 
' മകനെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. പക്ഷേ അതുമായി ഒത്തുപോകാന്‍ ഞാനിപ്പോള്‍ ശീലിച്ചിരിക്കുന്നു. രണ്ടു തവണ മാത്രമാണ് അവനെ നേരിട്ടു കാണാന്‍ അനുവദിച്ചത്. അതും രണ്ടു മൂന്ന് മണിക്കൂര്‍ നേരത്തേക്ക് മാത്രം. മകന്‍ എന്റെ അടുത്തു തന്നെ ഉണ്ടായിരിക്കണമെന്നാണ് ആഗ്രഹം. എനിക്ക് അവനെ കെട്ടിപ്പിടിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്. കഴിഞ്ഞ അഞ്ച്, ആറ് മാസമായി അവനോട് ഞാന്‍ ഒരു വാക്ക് പോലും സംസാരിച്ചിട്ടില്ല,' ധവാന്‍ പറഞ്ഞു. 
 
' ഞാന്‍ ഇപ്പോഴും പോസിറ്റീവ് ആണ്, അവന് എന്റെ സ്‌നേഹം അയക്കുന്നു. അവന്‍ സന്തോഷത്തോടെ ആയിരിക്കുക എന്നത് മാത്രമാണ് എന്റെ ആഗ്രഹം. ദൈവം ആഗ്രഹിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവന്‍ എന്നിലേക്ക് മടങ്ങിയെത്തും,' ധവാന്‍ കൂട്ടിച്ചേര്‍ത്തു. 
 
അയേഷ മുഖര്‍ജിയുമായുള്ള ബന്ധം കഴിഞ്ഞ ഒക്ടോബറിലാണ് ധവാന്‍ നിയമപരമായി വേര്‍പ്പെടുത്തിയത്. അയേഷയില്‍ നിന്ന് മാനസികമായ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന് ആരോപിച്ചാണ് ധവാന്‍ വിവാഹ മോചനത്തിനായി കോടതിയെ സമീപിച്ചത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article