'തേര്‍ട്ടിയാര്‍ഡ് സര്‍ക്കിളിന് പുറത്ത് നിന്നുള്ള ത്രോ നേരിട്ട് സ്റ്റംപില്‍ കൊള്ളുക, ആത്മ സംതൃപ്തി ലഭിച്ച നിമിഷമാണത്'

Webdunia
ശനി, 9 ജനുവരി 2021 (14:20 IST)
സിഡ്‌നി: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ സെഞ്ച്വറിയും പിന്നിട്ട് മുന്നോട്ടു കുതിയ്ക്കുകയായിരുന്ന സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയത് രവീന്ദ്ര ജഡേജയുടെ മികച്ച ഫീൽഡിങ്ങാണ്. തന്റെ ഏറ്റവും മികച്ച ശ്രമത്തിന്റെ ഫലമായിരുന്നു ആ പുറത്താക്കൽ എന്നും കരിയറി ആ പ്രകടനം എന്നും ഓർക്കപ്പെടും എന്നും പറയുകയാണ് രവീന്ദ്ര ജഡേജ ' ആ റണ്ണൗട്ട് എന്നും ഞാൻ ഓർത്തുവയ്ക്കും. എന്റെ ഏറ്റവും മികച്ച ശ്രമത്തിന്റെ ഫലമായിരുന്നു അത്. 
 
തേര്‍ട്ടിയാര്‍ഡ് സര്‍ക്കിളിന് പുറത്ത് നിന്നുള്ള ത്രോ നേരിട്ട് സ്റ്റംപില്‍ കൊള്ളുക. ആത്മ സംതൃപ്തി ലഭിച്ച നിമിഷമായിരുന്നു അത്. മൂന്നോ നാലോ വിക്കറ്റുകള്‍ വീഴ്ത്തുന്നത് മികച്ചത് തന്നെയാണ്. പക്ഷേ ഈ റണ്ണൗട്ട് എന്നും എന്റെ കൂടെയുണ്ടാവും' ജഡേജ പറഞ്ഞു. ജസ്പ്രീത് ബുമ്രയുടെ ഓവറിലായിരുന്നു ആ പുറത്താക്കൽ. ഫോമിൽ മടങ്ങിയെത്തി 16 ബൗണ്ടടറികളടക്കം മികച്ച നിലയിൽ മുന്നേറുകയായിരുന്നു അപ്പോൾ സ്മിത്ത്.
 
ബുമ്രയുടെ ഓവറിൽ ജോഷ് ഹെയ്‌സല്‍വുഡിന് സ്‌ട്രൈക്ക് കൈമാറാതിരിക്കുന്നതിനായി രണ്ടാം റണ്‍സിന് ശ്രമിച്ച സ്മിത്ത് ജഡേജയുടെ നേരിട്ടുള്ള ത്രോയിലൂടെ പുറത്തായി. ഒരു നിമിഷം സ്മിത്തിന് അത് വിശ്വസിയ്ക്കാൻ സാധിച്ചിരുന്നില്ല. അത്ര വേഗത്തിലായിരുന്നു ത്രോ. 18 ഓവറില്‍ മൂന്ന് മെയ്ഡനടക്കം 62 റണ്‍സ് വിട്ടുനല്‍കി നാല് വിക്കറ്റാണ് ജഡേജ വീഴ്ത്തിയത്. ഏത് ഫോമാർറ്റിലും വിശ്വസിയ്ക്കാവുന്ന താരമാണ് താനെന്ന് ജഡേജ വീണ്ടും വീണ്ടും തെളിയിയ്ക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article