Royal Challengers Bangalore: ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഫ്രാഞ്ചൈസിയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. നിര്‍ണായക മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് തോറ്റതോടെ ഈ സീസണിലെ ആര്‍സിബിയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റിരിക്കുകയാണ്. നിലവില്‍ 10 പോയിന്റുകളോടെ ഏഴാം സ്ഥാനത്താണ് ആര്‍സിബി. സീസണില്‍ മൂന്ന് മത്സരങ്ങള്‍ കൂടിയാണ് ആര്‍സിബിക്ക് ശേഷിക്കുന്നത്. എല്ലാ സീസണിലേയും പോലെ പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ആര്‍സിബിക്ക് കാല്‍ക്കുലേറ്റര്‍ എടുക്കേണ്ട അവസ്ഥയാണ്.
ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ ആര്‍സിബി നിര്‍ബന്ധമായും ജയിക്കണം. അപ്പോള്‍ 16 പോയിന്റാകും. എന്നാല്‍ ഈ മൂന്ന് ജയം കൊണ്ട് മാത്രം ആര്‍സിബിക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല. മൂന്ന് കളികളിലും മികച്ച മാര്‍ജിനില്‍ ജയിച്ചില്ലെങ്കില്‍ ആര്‍സിബിയുടെ കാര്യങ്ങള്‍ അവതാളത്തിലാകും. കാരണം നെറ്റ് റണ്‍റേറ്റിന്റെ കാര്യത്തില്‍ വളരെ പിന്നിലാണ് ആര്‍സിബി.
മേയ് 14 ന് രാജസ്ഥാന്‍ റോയല്‍സിനെതിരെയും മേയ് 18 ന് സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരെയും ആര്‍സിബിക്ക് മത്സരങ്ങളുണ്ട്. ഇത് രണ്ടും എവേ മാച്ചുകളാണ്. മേയ് 21 ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നടക്കുന്ന മത്സരം ഹോം മാച്ചാണ്. ഇതാണ് ആര്‍സിബിയുടെ സീസണിലെ അവസാന മത്സരം. മൂന്ന് കളികളിലും മികച്ച മാര്‍ജിനില്‍ ജയിച്ചില്ലെങ്കില്‍ ആര്‍സിബിക്ക് പ്ലേ ഓഫില്‍ കയറാന്‍ പറ്റില്ല.