തുടർച്ചയായി അഞ്ച് മികച്ച ജയങ്ങൾ സ്വന്തമാക്കിയതിന് പിന്നാലെ കെഎൽ രാഹുലിന്റെ നായകത്വത്തെ പുകഴ്ത്തി ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കർ. പഞ്ചാബിന്റെ വിജയങ്ങൾക്ക് പിന്നിൽ കെഎൽ രാഹുൽ എന്ന നായകന്റെ മികവാണ്. ഓരോ തോൽവിയിനിന്നും രാഹുൽ പാഠങ്ങൾ ഉൾക്കൊണ്ട് ടീമിനെ നേട്ടത്തിലെത്തിയ്ക്കുന്ന നിലയിലേയ്ക് വളർന്നു. നായകനെന്ന നിലയിലുള്ള പരീക്ഷണഘട്ടം രാഹുൽ മറികടന്നു എന്ന് ഗവാസ്കർ പറയുന്നു.
രാഹുൽ പഞ്ചാബിനെ നയിച്ച രീതി മികച്ചതാണ്. നായകനെന്ന നിലയിൽ ഒരുപാട് അദ്ദേഹം വളർന്നു. തുടക്കത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ എന്നോണമാണ് കെഎൽ രാഹുൽ ടീമിനെ നയിച്ചത്. എന്നാൽ ആ പരീക്ഷണഘട്ടം കെ എൽ രാഹുൽ താണ്ടിയിരിയ്കുന്നു. കുംബ്ലെയാണ് നയകനെന്ന നിലയിൽ രാഹുലിനെ ഈ മികവിലെത്തിച്ചത് എന്ന് ഞാൻ പറയും. ഇരുവരും ഒരേ നഗരത്തിൽനിനിന്നും വരുന്നവരാണ്. ഓരോ കളിയ്ക്ക് ശേഷവും കളിയുടെ കാര്യങ്ങൾ അനുഭവ സമ്പത്തുള്ള ഒരാളുമായി വിശകലനം ചെയ്യുക എന്നത് ഏറെ പ്രധാനമാണ്.
കെഎൽ രാഹുലിന് അത്തരം ഒരാളെ അവശ്യമായിരുന്നു. കളിയെക്കുറിച്ച് കൂടുതൽ പഠിയ്ക്കാൻ അത് ഉപകരിയ്ക്കും കുബ്ലെയിലൂടെ അത്തരമൊരു നേട്ടമാണ് രാഹുലിന് ലഭിച്ചിരിയ്ക്കുന്നത്. അത് രാഹുലിന് ഗുണം ചെയ്തിട്ടുണ്ട്. കുംബ്ലെയുടെ പോരാട്ട വീര്യമാണ് ഇപ്പോൾ കിങ്സ് ഇലവൻ പഞ്ചാബിൽ കാണുന്നത് എന്നും സുനിൽ ഗവാസ്കർ പറഞ്ഞു. തുടർ പരാജയങ്ങൾ നേരിട്ട പഞ്ചാബ് നിരയിലേയ്ക്ക് ക്രിസ് ഗെയിൽ എത്തിയതോടെയാണ് പഞ്ചാബ് മികച്ച വിജയങ്ങൾ നേടാൻ തുടങ്ങിയത്. ഇനി രണ്ട് കളികൾ ജയിച്ചാൽ പഞ്ചാബിന് പ്ലേയോഫ് ഉറപ്പിയ്ക്കാനാകും.