സാഹയ്ക്ക് പകരം പന്ത്; വിക്കറ്റ് കീപ്പിങ്ങിന് ഒരു വിലയുമില്ലേ? മോശമെന്ന് ഭോഗ്‌ലെ

ശനി, 22 ഫെബ്രുവരി 2020 (07:19 IST)
ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ ടീം സെലക്ഷനെ ചൊല്ലി വിവാദം പുകയുന്നു. ടെസ്റ്റിൽ ഇന്ത്യയുടെ സ്ഥിരം വിക്കറ്റ് കീപ്പറായ വൃദ്ധിമാൻ സാഹയെ തഴഞ്ഞ് പകരം റിഷഭ് പന്തിനെ കളിപ്പിച്ചത് ആർക്കും അത്ര രസിച്ചിട്ടില്ല. ഇതാണ് പ്രശ്നങ്ങൾക്ക് കാരണം.
 
ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ തീരുമാനത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് പ്രശസ്ത കമന്റേറ്റർ ഹർഷ ഭോഗ്‍ലെ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. സാഹയെ തഴഞ്ഞത് വളരെ മോശമായെന്ന് ഭോഗ്‌ലെ പ്രതികരിച്ചു. ഇന്ത്യയിൽ വളർന്നു വരുന്ന വിക്കറ്റ് കീപ്പർമാർക്ക് വളാരെ മോശം സന്ദേശമാണ് ഈ നടപടിയിലൂടെ ടീം മാനേജ്മെന്റ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
 
‘ടീമിൽനിന്ന് സാഹയെ തഴഞ്ഞത് നോക്കൂ. വിക്കറ്റിനു പിന്നിലെ പ്രകടനമല്ല, വിക്കറ്റിനു മുന്നിൽ കുറച്ച് റൺസ് നേടുന്നതാണ് മികച്ചതെന്ന മോശം സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. വളരെയധികം നിരാശ തോന്നിയ തീരുമാനം’- ഭോഗ്‌ല ട്വീറ്റ് ചെയ്തു.
 
ഒപ്പം, ജഡേജയ്ക്കു പകരം രവിചന്ദ്രൻ അശ്വിനെ കളിപ്പിക്കാനുള്ള തീരുമാനത്തെ ഭോഗ്‍ലെ പ്രശംസിച്ചു. പരുക്കു ഭേദമായെത്തിയ ഇഷാന്തിനെ കളത്തിലിറക്കിയതിനെയും അദ്ദേഹം അഭിനന്ദിച്ചു. ഏതായാലും ഭോഗ്‌ലെയുടെ ട്വീറ്റ് ക്രിക്കറ്റ് ലോകത്തെ ചൂട് പിടിപ്പിച്ച് കഴിഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍