വ്യക്തിഗത റെക്കോർഡുകൾക്ക് പ്രാധാന്യം നൽകുന്നത് കാലാഹരണപ്പെട്ട രീതി, തിലകിന് ഫിഫ്റ്റി നിഷേധിച്ച സംഭവത്തിൽ ഹാർദ്ദിക്കിന് പിന്തുണയുമായി ഹർഷ ഭോഗ്ലെ

വെള്ളി, 11 ഓഗസ്റ്റ് 2023 (15:56 IST)
വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ തിലക് വര്‍മയ്ക്ക് അര്‍ധസെഞ്ചുറി നേടാനുള്ള അവസരം നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ നിഷേധിച്ചതില്‍ താരത്തിനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. ഹാര്‍ദ്ദിക് കാണിച്ചത് സ്വാര്‍ഥതയാണെന്നും ഒരു യുവതാരത്തിന് അയാളുടെ തുടക്കകാലത്ത് കിട്ടിയേക്കാവുന്ന വലിയ ആത്മവിശ്വാസത്തെയാണ് ഹാര്‍ദ്ദിക് തല്ലികെടുത്തിയതെന്നും നായകനെന്ന നിലയില്‍ ഹാര്‍ദ്ദിക് അപമാനമാണെന്നും പലരും അഭിപ്രായപ്പെട്ടത്.
 
എന്നാല്‍ ഈ വിഷയത്തില്‍ ഹാര്‍ദ്ദിക്കിന് തന്റെ പിന്തുണ നല്‍കിയിരിക്കുകയാണ് കമന്റേറ്ററായ ഹര്‍ഷ ഭോഗ്ലെ. തിലക് വര്‍മയ്ക്ക് അര്‍ധസെഞ്ചുറി നഷ്ടമായി എന്ന പേരില്‍ നടക്കുന്ന ചര്‍ച്ചകള്‍ തനിക്ക് ആശ്ചര്യമുണ്ടാക്കുന്നതായി ഹര്‍ഷ ഭോഗ്ലെ പറയുന്നു. ടി20 ക്രിക്കറ്റില്‍ നാഴികകല്ലുകളില്ല. അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന സെഞ്ചുറികള്‍ മാത്രമാണ് ടി20യിലെ നാഴികകല്ലുകള്‍. അര്‍ധസെഞ്ചുറിയെ നിങ്ങള്‍ ആ കൂട്ടത്തില്‍ പെടുത്തരുത്. നമ്മള്‍ ഓരോ കളിക്കാരുടെയും വ്യക്തിഗത നേട്ടങ്ങളില്‍ വളരെ ശ്രദ്ധ പുലര്‍ത്തുന്നവരാണ്. എന്നാല്‍ ഇതൊരു ടീം സ്‌പോര്‍ട്ട് മാത്രമാണ്. ടി20യില്‍ വേഗത്തില്‍ റണ്‍സ് കണ്ടെത്തുന്നതിനും മികച്ച ശരാശരിക്കും മാത്രമാണ് നിങ്ങള്‍ പ്രാധാന്യം നല്‍കേണ്ടത്. ഹര്‍ഷ ഭോഗ്ലെ പറഞ്ഞു.
 
അതേസമയം ഹര്‍ഷഭോഗ്ലെ ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പിനെ പിന്തുണച്ച് കൊണ്ട് ഇതിഹാസതാരമായ എ ബി ഡിവില്ലിയേഴ്‌സും രംഗത്തെത്തി. ഒരാളെങ്കിലും ഇക്കാര്യത്തെ പറ്റി തുറന്ന് സംസാരിച്ചല്ലോ എന്നായിരുന്നു ഡിവില്ലിയേഴ്‌സിന്റെ മറുപടി. ഹര്‍ഷ ഭോഗ്ലെയുടെ ട്വീറ്റ് താരം റീ ട്വീറ്റ് ചെയ്തിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍