ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20യില്‍ വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ അടിയവറവ് പറഞ്ഞത്. ലോ സ്‌കോര്‍ ത്രില്ലറായ മത്സരത്തില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ടെങ്കിലും 39 റണ്‍സുമായി പുറത്താകാതെ നിന്ന ഹാര്‍ദ്ദിക്കിന്റെയും 21 പന്തില്‍ 27 റണ്‍സ് നേടിയ അക്ഷര്‍ പട്ടേലിന്റെയും പ്രകടനത്തിന്റെ ബലത്തില്‍ 20 ഓവറില്‍ 124 റണ്‍സ് നേടാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ഇതില്‍ അവസാന ഓവറില്‍ അര്‍ഷദീപിന് ഹാര്‍ദ്ദിക് സിംഗിള്‍ നിഷേധിച്ച സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
ഇന്ത്യന്‍ ബാറ്റിംഗ് തകര്‍ച്ചയ്ക്കിടെ മത്സരത്തില്‍ 45 പന്തില്‍ 39 റണ്‍സാണ് ഹാര്‍ദ്ദിക് കളിച്ചത്. ഇന്നിങ്ങ്‌സിന്റെ അവസാന ഓവറുകളില്‍ അര്‍ഷദീപിനൊപ്പം ഹാര്‍ദ്ദിക്കായിരുന്നു ക്രീസില്‍. പത്തൊമ്പതാം ഓവറില്‍ അര്‍ഷദീപ് സിംഗിള്‍ എടുത്തപ്പോള്‍ ഇനി നീ അവിടെ നിന്ന് എന്റെ കളി ആസ്വദിച്ചോളു എന്ന് ഹാര്‍ദ്ദിക് പറയുന്നത് സ്റ്റമ്പ് മൈക്കില്‍ പതിഞ്ഞിരുന്നു. ശേഷിച്ച 10 പന്തുകളും ഹാര്‍ദ്ദിക് കളിച്ചെങ്കിലും അവസാന രണ്ടോവറില്‍ 9 റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്. ഈ പന്തുകളില്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് അര്‍ഷദീപിന് ബാറ്റ് ചെയ്യാനുള്ള അവസരവും ഹാര്‍ദ്ദിക് നല്‍കിയിരുന്നില്ല. തനിക്ക് കിട്ടിയ പന്തുകള്‍ കൂടി മുതലാക്കാനാവാതെ വന്നതോടെ വലിയ വിമര്‍ശനമാണ് ഹാര്‍ദ്ദിക്കിന്റെ ഈ ഷോയ്‌ക്കെതിരെ ഉയരുന്നത്.