ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനാകുമോ? വാർത്തകളോട് ആദ്യമായി പ്രതികരിച്ച് ഗംഭീർ

അഭിറാം മനോഹർ
തിങ്കള്‍, 3 ജൂണ്‍ 2024 (16:28 IST)
ഗൗതം ഗംഭീറിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചാക്കുമെന്നുള്ള ചര്‍ച്ചകള്‍ ഐപിഎല്‍ കഴിഞ്ഞത് മുതല്‍ ക്രിക്കറ്റ് ലോകത്ത് നിന്നും ഉയരുന്നുണ്ട്. ഐപിഎല്‍ ഫൈനലിനിടെ ബിസിസിഐ സെക്രട്ടറി ജയ് ഷായുമായി ഗൗതം ഗംഭീര്‍ ചര്‍ച്ച നടത്തിയതോടെയാണ് ഗംഭീര്‍ ഇന്ത്യന്‍ കോച്ചാകുമെന്ന ചര്‍ച്ചകളും ചൂട് പിടിച്ചത്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളോട് ബിസിസിഐയോ ഗംഭീറോ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ഈ വിഷയത്തില്‍ തന്റെ ആദ്യ പ്രതികരണം നടത്തിയിരിക്കുകയാണ് ഗൗതം ഗംഭീര്‍.
 
ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകുന്നതിനേക്കാള്‍ വലിയ ബഹുമതി മറ്റൊന്നുമില്ലെന്ന് ഗംഭീര്‍ പറയുന്നു. ഇന്ത്യന്‍ കോച്ചാകാന്‍ എനിക്ക് ഇഷ്ടമാണ്. ഇന്ത്യയുടെ പരിശീലകനാകുന്നതിലും വലിയ ബഹുമതി വേറെ ഇല്ല. 140 ഇന്ത്യക്കാരെയാണ് ഞാന്‍ പ്രതിനിധീകരിക്കേണ്ടത്. അബുദാബി മെഡിയോര്‍ ഹോസ്പിറ്റലില്‍ കുട്ടികളുമായി നടത്തിയ സംവാദത്തിലാണ് ഗംഭീറിന്റെ പ്രതികരണം. ടി20 ലോകകപ്പോടെ നിലവിലെ ഇന്ത്യന്‍ ടീം പരിശീലകനായ രാഹുല്‍ ദ്രാവിഡ് പടിയിറങ്ങും. ഇന്ത്യയുടെ പുതിയ കോച്ചാകാനായി ബിസിസിഐ ഇതിനെ തുടര്‍ന്ന് അപേക്ഷകള്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ ആരെല്ലാമാണ് അപേക്ഷ സമര്‍പ്പിച്ചിരുന്നവര്‍ എന്ന വിവരം ഇതുവരെയും പുറത്തുവിട്ടിട്ടില്ല.
 

അനുബന്ധ വാര്‍ത്തകള്‍

Next Article