അഞ്ച് ദിവസമുള്ളപ്പോൾ തോൽക്കാൻ തിരക്ക് കൂട്ടുന്നത് എന്തിനാണ്? ടെസ്റ്റ് ക്രിക്കറ്റിൽ സ്ട്രൈക്ക് റേറ്റ് കൂട്ടാൻ പറഞ്ഞവരെവിടെ, പൊട്ടിത്തെറിച്ച് പാക് മുൻ താരം

അഭിറാം മനോഹർ

വ്യാഴം, 5 സെപ്‌റ്റംബര്‍ 2024 (16:32 IST)
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര 2-0ന് തോറ്റതോടെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ പ്രകടനത്തിനെതിരെ പൊട്ടിത്തെറിച്ച് മുന്‍ പാക് താരം സല്‍മാന്‍ ബട്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ സ്‌ട്രൈക്ക് റേറ്റ് കൂട്ടണമെന്ന് പറയുന്ന പുതിയ ക്രിക്കറ്റ് ടീച്ചര്‍മാര്‍ക്കെതിരെയും സല്‍മാന്‍ ബട്ട് ആഞ്ഞടിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് പാകിസ്ഥാന്‍ സ്വന്തം മണ്ണില്‍ ബംഗ്ലാദേശിനോട് ടെസ്റ്റ് സീരീസ് അടിയറവ് വെയ്ക്കുന്നത്.
 
കളിക്കാര്‍ ഇന്‍ഡെന്‍ഡ് പ്രകടിപ്പിക്കണമെന്നും മികച്ച സ്‌ട്രൈക്ക് റേറ്റില്‍ കളിക്കണമെന്ന് പറയുന്നതും ഇപ്പോള്‍ ഫാഷനാണ്. അവര്‍ എന്ത് ഫോര്‍മാറ്റിനെ പറ്റിയാണ് സംസാരിക്കുന്നത് എന്നത് പോലും അറിയാത്തവരാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ നിങ്ങള്‍ക്ക് അഞ്ച് ദിവസമാണ്. എന്തിനാണ് തിരക്കടിച്ച് നാലാം ദിവസം തോല്‍വി ചോദിച്ചു വാങ്ങുന്നത്. ഈ തിരക്കടിച്ച് എന്ത് നേട്ടമാണ് ഉണ്ടാകുന്നത്. 46 ഓവറുകളാണ് നിങ്ങള്‍ കളിച്ചത്. എന്ത് ഗുണമാണ് ഇതുകൊണ്ട് ടീമിനുള്ളത്. കൂടുതല്‍ നേരം ബാറ്റ് ചെയ്യലാണ് നിങ്ങളുടെ ജോലി.
 
ഹൈലൈറ്റ്‌സില്‍ കാണിക്കുന്നത് പോലെയാണോ ജോ റൂട്ട്, വിരാട് കോലി,രോഹിത് ശര്‍മ എന്നിവരെലാം ടെസ്റ്റില്‍ റണ്‍സ് നേടുന്നത്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ സല്‍മാന്‍ ബട്ട് ചോദിക്കുന്നു. ബംഗ്ലാദേശിനെതിരെ ടെസ്റ്റ് പരമ്പര അടിയറവ് വെച്ചതോടെ 1965ന് ശേഷം ആദ്യമായി പാകിസ്ഥാന്‍ ടെസ്റ്റ് റാങ്കിംഗില്‍ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സല്‍മാന്‍ ബട്ട് പാക് ടീമിനെതിരെ പൊട്ടിത്തെറിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍