ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനോട് തോല്‍വി വഴങ്ങി ഇന്ത്യ പുറത്താകാന്‍ കാരണം മഹേന്ദ്ര സിംഗ് ധോണിയെ ഏഴാമത് ക്രീസില്‍ എത്തിച്ചതാണെന്ന വിലയിരുത്തലുകളുണ്ടായിരുന്നു.
ധോണിയെ വൈകി ക്രീസിലെത്തിച്ചതിന് പിന്നില്‍ ബാറ്റിംഗ് പരിശീലകന് സംഞ്ജയ് ബംഗാര്‍ ആണെന്ന റിപ്പോര്‍ട്ടുകള്‍ ഇന്നും തള്ളപ്പെട്ടിട്ടില്ല. ഈ നീക്കത്തിന് ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കും മുഖ്യ പരിശീലകന് രവി ശാസ്ത്രിക്കും പങ്കുണ്ടെന്ന് ബംഗാര്‍ പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.
ലോകകപ്പ് സെമിയിലെ ഈ തോല്‍വി പരിശീലക സ്ഥാനത്ത് നിന്നും ബംഗാറിനെ പുറത്താക്കുന്നതിനും കാരണമായി. ബംഗാറിന് പകരം മുന്‍ ഇന്ത്യന്‍ താരം വിക്രം റാത്തോറിനെയാണ് കപിലും സംഘവും ബാറ്റിംഗ് പരിശീലകനായി തെരഞ്ഞെടുത്തത്.
നിര്‍ണായക ബാറ്റിംഗ് പൊസിഷനായ നാലാം നമ്പറില്‍ സ്ഥിരമായിട്ട് ഒരു താരത്തെ കണ്ടെത്താന്‍ കഴിയാത്തതും ബംഗാറിന് തിരിച്ചടിയായിരുന്നു. പരിശീലകസ്ഥാനം നഷ്ടമാകാനും ഇത് കാരണമായി.
ഈ വിഷയത്തില്‍ നിലപാട് പരസ്യപ്പെടുത്തി ബംഗാര്‍ രംഗത്തുവന്നു. നാലാം നമ്പറില്‍ ഒരു താരത്തെ കണ്ടെത്താന്‍ കഴിയാത്തതില്‍ മാനേജ്മെന്റിനും സെലക്ഷന് കമ്മിറ്റിക്കും ഒരു പോലെ പങ്കുണ്ട്. ഒരു ബാറ്റ്സ്മാന് എന്നതിലുപരി ഫിറ്റ്നസ്, ഫോം, ഓള് റൌണ്ടര്‍, ഇടം കയ്യന്‍ എന്നീ പരിഗണനകളും ഈ സ്ഥാനത്ത് എത്തുന്ന ബാറ്റ്സ്മാന് ഉണ്ടാകണമെന്ന് മാനേജ്മെന്റ് ആഗ്രഹിച്ചിരുന്നു. പരിശീലക സ്ഥാനത്ത് നിന്നും നീക്കിയതില്‍ നിരാശയുണ്ടെങ്കിലും ഇനിയുള്ള സമയം സ്വയം നവീകരിക്കാനുള്ള സമയമായി കണ്ടെത്തുമെന്നും ബംഗാര്‍ പറഞ്ഞു.