ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് അഞ്ചാം കിരീടം നേടിയെങ്കിലും നായകന്‍ മഹേന്ദ്രസിങ് ധോണിക്കുള്ള ട്രോളുകള്‍ക്ക് കുറവില്ല. ഫൈനലില്‍ പതിവിലും നേരത്തെ ഇറങ്ങി ക്രെഡിറ്റ് സ്വന്തമാക്കാന്‍ ധോണി ശ്രമിക്കുകയായിരുന്നെന്നും എന്നാല്‍ അത് ഫലം കണ്ടില്ലെന്നും ആരാധകര്‍ പറയുന്നു. ഡു ഓര്‍ ഡൈ മാച്ചില്‍ ഒന്നും നിര്‍ണായക സമയത്ത് ക്രീസിലെത്താത്ത ധോണി ഇത്തവണ നേരത്തെ ക്രീസില്‍ എത്തിയത് ക്രെഡിറ്റ് പ്രതീക്ഷിച്ച് തന്നെയാണെന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്.
ഫൈനലില്‍ ആറാമനായാണ് ധോണി ക്രീസിലെത്തിയത്. പൊതുവെ രവീന്ദ്ര ജഡേജയ്ക്ക് ശേഷമാണ് മിക്ക കളികളിലും ധോണി ഇത്തവണ ക്രീസിലെത്തിയിരുന്നത്. ചിലപ്പോഴൊക്കെ മൊയീന്‍ അലി ഇറങ്ങിയതിനു ശേഷവും. എട്ടാം നമ്പറിലാണ് ഒരുവിധം കളിയിലും ധോണി ക്രീസിലെത്തിയിരുന്നത്. എന്നാല്‍ ഫൈനലില്‍ ചെന്നൈ വിജയം ഉറപ്പിച്ച സമയത്ത് ധോണി ബാറ്റ് ചെയ്യാന്‍ ഇറങ്ങുകയായിരുന്നു. അപ്പോള്‍ ജഡേജയും മൊയീന്‍ അലിയും ഇറങ്ങിയിരുന്നില്ല. ഇതിനു പിന്നാലെയാണ് ആരാധകര്‍ ധോണിയെ ട്രോളി രംഗത്തെത്തിയത്.
ഈ സീസണില്‍ തന്നെ ചില മത്സരങ്ങള്‍ ജയിക്കുമെന്ന് ഉറപ്പായ ഘട്ടങ്ങളിലും ധോണി ഇതുപോലെ നേരത്തെ ഇറങ്ങിയിട്ടുണ്ട്. കടുപ്പമേറിയ മത്സരങ്ങളിലൊന്നും നേരത്തെ ഇറങ്ങാതെ ജയം ഉറപ്പിച്ച മത്സരങ്ങളില്‍ മാത്രം നേരത്തെ ഇറങ്ങുന്ന ധോണിയുടെ പ്രവണത ക്രെഡിറ്റ് തട്ടിയെടുക്കാന്‍ വേണ്ടിയാണെന്നാണ് ധോണി വിരോധികള്‍ പറയുന്നത്.
അതേസമയം നേരിട്ട ആദ്യ പന്തില്‍ തന്നെ ഫൈനലില്‍ ധോണി പുറത്തായി.